HEBRAI 12

12
വിശ്വാസത്തിന്റെ നായകൻ
1സാക്ഷികളുടെ ഒരു വലിയ സമൂഹം നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ട് സകല ഭാരങ്ങളും നമ്മെ മുറുകെപ്പിടിക്കുന്ന പാപവും പരിത്യജിച്ച് സ്ഥിരനിശ്ചയത്തോടെ നമ്മുടെ മുമ്പിൽ ഉള്ള മത്സരയോട്ടം ഓടാം. 2നമ്മുടെ വിശ്വാസത്തിന്റെ ആദികാരണനും അതിന്റെ പൂരകനുമായ യേശുവിൽ നമ്മുടെ ദൃഷ്‍ടി ഉറപ്പിക്കുക. തനിക്കു വരുവാനിരിക്കുന്ന സന്തോഷം ഓർത്ത് അവിടുന്ന് അപമാനം അവഗണിച്ചുകൊണ്ട് കുരിശിൽ മരിച്ച് ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.
3നിങ്ങൾ ദുർബലഹൃദയരായി തളർന്നുപോകാതിരിക്കേണ്ടതിന്, പാപികളുടെ എതിർപ്പിനെ സഹിച്ചുനിന്ന യേശുവിനെ ഓർത്തുകൊള്ളുക. 4പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയേണ്ടിവരുന്നതുവരെ നിങ്ങൾ എതിർത്തുനിന്നിട്ടില്ലല്ലോ.
ദൈവം നമ്മുടെ പിതാവ്
5മക്കളോടെന്നപോലെ ദൈവം നിങ്ങളോട് അരുൾചെയ്തിട്ടുള്ള പ്രബോധനം നിങ്ങൾ മറന്നുപോയോ?
എന്റെ മകനേ, സർവേശ്വരന്റെ ശിക്ഷണത്തെ നിസ്സാരമായി കരുതരുത്;
അവിടുന്ന് നിന്നെ ശാസിക്കുമ്പോൾ
അധൈര്യപ്പെടുകയുമരുത്.
6താൻ സ്നേഹിക്കുന്നവരെ
അവിടുന്നു ശിക്ഷണത്തിനു വിധേയരാക്കുന്നു.
താൻ പുത്രനായി സ്വീകരിക്കുന്നവനെ അടിക്കുന്നു. 7നിങ്ങൾ സഹിക്കുന്നത് ശിക്ഷണത്തിനുവേണ്ടിയത്രേ. മക്കളോടെന്നവണ്ണം ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവു ശിക്ഷിക്കാത്ത മക്കളുണ്ടോ? 8എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കു ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, ജാരസന്തതികളത്രേ. 9നമ്മെ ശിക്ഷണത്തിൽ വളർത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിന് അതിനെക്കാൾ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്. 10ലൗകികപിതാക്കന്മാർ അല്പകാലത്തേക്കു മാത്രം അവർക്കു യുക്തമെന്നു തോന്നിയ വിധത്തിൽ ശിക്ഷണം നടത്തുന്നു. എന്നാൽ തന്റെ വിശുദ്ധിയിൽ പങ്കാളികളാകുവാൻവേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു. 11ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാൽ ശിക്ഷണത്തിനു വിധേയരാകുന്നവർക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തിൽ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തിൽ ലഭിക്കും.
നിർദേശങ്ങളും മുന്നറിയിപ്പുകളും
12തളർന്ന കരങ്ങൾ ഉയർത്തുക; വിറയ്‍ക്കുന്ന കാല്മുട്ടുകളെ ബലപ്പെടുത്തുക. 13മുടന്തുള്ള പാദത്തിന്റെ സന്ധിബന്ധം ഇളകിപ്പോകാതെ സുഖം പ്രാപിക്കുന്നതിന്, നിങ്ങളുടെ പാത നിരപ്പാക്കുക.
14എല്ലാവരോടും സമാധാനമായിരിക്കുന്നതിനും വിശുദ്ധജീവിതം നയിക്കുന്നതിനും തീവ്രയത്നം ചെയ്യുക. ഇതുകൂടാതെ ആരും സർവേശ്വരനെ ദർശിക്കുകയില്ല. 15ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കുന്നതിനു സൂക്ഷിച്ചുകൊള്ളുക; നിങ്ങളുടെ ഇടയിൽ വിദ്വേഷം വേരൂന്നി വളരാനിടയാകരുത്. അത് പലരെയും നശിപ്പിക്കും. 16നിങ്ങളിൽ ആരുംതന്നെ ദുർമാർഗിയോ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ആദ്യജാതനുള്ള അവകാശങ്ങൾ വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരരുത്. 17ഏശാവ് അതുകഴിഞ്ഞ് സ്വപിതാവിൽനിന്ന് തന്റെ അവകാശമായ അനുഗ്രഹം പ്രാപിക്കുവാൻ ആഗ്രഹിച്ചു; എന്നാൽ അയാൾ കരഞ്ഞപേക്ഷിച്ചിട്ടും അനുതപിക്കുവാൻ അവസരം കിട്ടാഞ്ഞതുകൊണ്ട് അയാളുടെ അപേക്ഷ നിഷേധിക്കപ്പെട്ടു എന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ.
18-19ജ്വലിക്കുന്ന അഗ്നി, കൂരിരുട്ട്, മേഘപടലം, കൊടുങ്കാറ്റ്, കാഹളധ്വനി, വാക്കുകളുടെ ശബ്ദം ഇവയൊക്കെയുള്ള സ്ഥലത്തേക്കല്ല നിങ്ങൾ വന്നിരിക്കുന്നത്. ആ ശബ്ദം കേട്ടവർ അതിനികേൾക്കാനിടയാകരുതേ എന്നപേക്ഷിച്ചു. 20എന്തെന്നാൽ ആ പർവതത്തെ സ്പർശിക്കുന്ന മൃഗത്തെപ്പോലും കല്ലെറിഞ്ഞുകൊല്ലണം എന്ന കല്പന അവർക്കു ദുസ്സഹമായിരുന്നു. 21“ഞാൻ ഭയപ്പെട്ടു വിറയ്‍ക്കുന്നു” എന്നു മോശ പറയുവാൻ തക്കവണ്ണം ആ ദൃശ്യം അത്ര ഭയങ്കരമായിരുന്നു.
22നിങ്ങളാകട്ടെ, സീയോൻ പർവതത്തെയും അസംഖ്യം മാലാഖമാർ സമ്മേളിച്ചിരിക്കുന്ന ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വർഗീയ യെരൂശലേമിനെയും ആണല്ലോ സമീപിച്ചിരിക്കുന്നത്. 23സ്വർഗത്തിൽ പേരെഴുതപ്പെട്ട ആദ്യജാതന്മാരുടെ സഭയിലേക്കും, എല്ലാവരുടെയും വിധികർത്താവായ ദൈവത്തിന്റെ സമക്ഷത്തിലേക്കും നിങ്ങൾ വന്നിരിക്കുന്നു. 24പൂർണരായിത്തീർന്നിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കളെയും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനെയും, ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായതു വാഗ്ദാനം ചെയ്യുന്ന ശുദ്ധീകരണരക്തത്തെയും ആണ് നിങ്ങൾ സമീപിച്ചിരിക്കുന്നത്.
25അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയിൽവച്ചു മുന്നറിയിപ്പു നല്‌കിയ ആളിനെ നിരസിച്ചവർ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കിൽ സ്വർഗത്തിൽനിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാൽ നാം എങ്ങനെ തെറ്റിയൊഴിയും? 26അന്ന് അവിടുത്തെ ശബ്ദം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. എന്നാൽ “ഇനി ഒരിക്കൽ ഞാൻ ഭൂമിയെ മാത്രമല്ല, ആകാശത്തെയും വിറപ്പിക്കും” എന്ന് അവിടുന്ന് ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുന്നു. 27ഇനി ഒരിക്കൽ എന്നത് ഇളക്കപ്പെടുവാൻ സാധ്യമല്ലാത്തവ നിലനില്‌ക്കുവാൻവേണ്ടി, സൃഷ്‍ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്.
28അതിനാൽ ഇളക്കുവാൻ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക. 29എന്തുകൊണ്ടെന്നാൽ, നമ്മുടെ ദൈവം സംഹരിക്കുന്ന അഗ്നിയാണല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

HEBRAI 12 - നുള്ള വീഡിയോ