ഉൽപത്തി 39:11-22
ഉൽപത്തി 39:11-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‍വാൻ വീട്ടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു; എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന് അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ച് ഓടിപ്പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വച്ചുകൊണ്ടിരുന്നു. അവനോട് അവൾ അവ്വണ്ണംതന്നെ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു പറഞ്ഞു. നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി. കാരാഗൃഹത്തിലെ സകല ബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.
ഉൽപത്തി 39:11-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദിവസം തന്റെ ജോലി ചെയ്യാൻ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോൾ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അവൾ അവന്റെ അങ്കിയിൽ കടന്നുപിടിച്ച് “എന്റെകൂടെ ശയിക്കുക” എന്നു പറഞ്ഞു. എന്നാൽ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി. ഉടനെ അവൾ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാൻ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവൻ എന്റെകൂടെ ശയിക്കാൻ അകത്തു വന്നു; ഞാൻ ഉച്ചത്തിൽ നിലവിളിച്ചു; അപ്പോൾ അവൻ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.” ഭർത്താവ് വരുന്നതുവരെ അവൾ ആ വസ്ത്രം തന്റെ കൈവശം സൂക്ഷിച്ചു. അദ്ദേഹം വന്നപ്പോൾ അവൾ ആ കഥ ആവർത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാൻ കയറിവന്നു; എന്നാൽ ഞാൻ ഉറക്കെ കരഞ്ഞതുകൊണ്ട് അവൻ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.” ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ യോസേഫിന്റെ യജമാനന്റെ കോപം ജ്വലിച്ചു; യോസേഫിനെ പിടിച്ചു രാജാവിന്റെ തടവുകാരെ പാർപ്പിക്കുന്ന കാരാഗൃഹത്തിൽ അടച്ചു. എന്നാൽ സർവേശ്വരൻ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവിടുത്തെ കൃപയാൽ കാരാഗൃഹാധിപൻ യോസേഫിനോടു ദയാപൂർവം പെരുമാറി. അവിടെയുള്ള എല്ലാ തടവുകാരുടെയും മേൽനോട്ടം യോസേഫിനെ ഏല്പിച്ചു. എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം യോസേഫിനായി.
ഉൽപത്തി 39:11-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒരു ദിവസം യോസേഫ് തന്‍റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്‍റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു. അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്‍റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു. “അങ്ങേയുടെ ദാസൻ ഇങ്ങനെ എന്നോട് ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞവാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്‍റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോട് ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി. കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ എല്ലാ പ്രവൃത്തികൾക്കും അവൻ വിചാരകനായിരുന്നു.
ഉൽപത്തി 39:11-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വെച്ചുകൊണ്ടിരുന്നു. അവനോടു അവൾ അവ്വണ്ണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു. നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനൻ കേട്ടപ്പോൾ അവന്നു കോപം ജ്വലിച്ചു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി. കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.
ഉൽപത്തി 39:11-22 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല. അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി. അവൻ ഇങ്ങനെ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടുകൊടുത്തിട്ടു വീടിനു പുറത്തേക്ക് ഓടിപ്പോയി എന്നുകണ്ടപ്പോൾ അവൾ തന്റെ വീട്ടുവേലക്കാരെ വിളിച്ചു; “ഇതാ, നമ്മെ അപഹാസ്യരാക്കാനാണ് ഈ എബ്രായനെ കൊണ്ടുവന്നിരിക്കുന്നത്. എന്നോടൊപ്പം കിടക്കപങ്കിടാൻ അവൻ അകത്തു കയറിവന്നു; എന്നാൽ ഞാൻ നിലവിളിച്ചു. ഞാൻ സഹായത്തിനായി നിലവിളിക്കുന്നതു കേട്ടിട്ട് അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.” അവന്റെ യജമാനൻ വീട്ടിൽ എത്തുന്നതുവരെ അവൾ യോസേഫിന്റെ പുറങ്കുപ്പായം തന്റെ അടുക്കൽ സൂക്ഷിച്ചു. അവൾ അതേ വാക്കുകൾതന്നെ അദ്ദേഹത്തോടും പറഞ്ഞു: “അങ്ങു കൊണ്ടുവന്ന എബ്രായദാസൻ എന്നെ അപഹാസ്യയാക്കാനായി എന്റെ അടുക്കൽവന്നു. എന്നാൽ സഹായത്തിനായി ഞാൻ നിലവിളിച്ചമാത്രയിൽത്തന്നെ അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.” “ഈ വിധത്തിലാണ് അങ്ങയുടെ അടിമ എന്നോടു പെരുമാറിയത്,” തന്റെ ഭാര്യ പറഞ്ഞ കഥ കേട്ടപ്പോൾ യജമാനൻ കോപംകൊണ്ടു ജ്വലിച്ചു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ തടവുകാരെ ഇടുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ യോസേഫ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അവിടന്ന് അവനോടു കരുണ കാണിക്കുകയും ജയിലധികാരിക്ക് അവനോടു ദയ തോന്നാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് അധികാരി കാരാഗൃഹത്തിൽ ഉള്ള എല്ലാവരുടെയും മേൽനോട്ടം യോസേഫിനെ ഏൽപ്പിച്ചു. അവിടെ നടക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം അവനു നൽകി.