ഒരു ദിവസം യോസേഫ് തന്‍റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്‍റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്‍റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്‍റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്‍റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്‍റെ കൈവശം വച്ചുകൊണ്ടിരുന്നു. അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്‍റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു. “അങ്ങേയുടെ ദാസൻ ഇങ്ങനെ എന്നോട് ചെയ്തു” എന്നു തന്‍റെ ഭാര്യ പറഞ്ഞവാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു. യോസേഫിന്‍റെ യജമാനൻ അവനെ പിടിച്ച് രാജാവിന്‍റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോട് ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി. കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്‍റെ കയ്യിൽ ഏല്പിച്ചു; അവരുടെ എല്ലാ പ്രവൃത്തികൾക്കും അവൻ വിചാരകനായിരുന്നു.
ഉല്പ. 39 വായിക്കുക
കേൾക്കുക ഉല്പ. 39
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പ. 39:11-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ