ഉൽപ്പത്തി 39:11-22

ഉൽപ്പത്തി 39:11-22 MCV

ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല. അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി. അവൻ ഇങ്ങനെ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടുകൊടുത്തിട്ടു വീടിനു പുറത്തേക്ക് ഓടിപ്പോയി എന്നുകണ്ടപ്പോൾ അവൾ തന്റെ വീട്ടുവേലക്കാരെ വിളിച്ചു; “ഇതാ, നമ്മെ അപഹാസ്യരാക്കാനാണ് ഈ എബ്രായനെ കൊണ്ടുവന്നിരിക്കുന്നത്. എന്നോടൊപ്പം കിടക്കപങ്കിടാൻ അവൻ അകത്തു കയറിവന്നു; എന്നാൽ ഞാൻ നിലവിളിച്ചു. ഞാൻ സഹായത്തിനായി നിലവിളിക്കുന്നതു കേട്ടിട്ട് അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.” അവന്റെ യജമാനൻ വീട്ടിൽ എത്തുന്നതുവരെ അവൾ യോസേഫിന്റെ പുറങ്കുപ്പായം തന്റെ അടുക്കൽ സൂക്ഷിച്ചു. അവൾ അതേ വാക്കുകൾതന്നെ അദ്ദേഹത്തോടും പറഞ്ഞു: “അങ്ങു കൊണ്ടുവന്ന എബ്രായദാസൻ എന്നെ അപഹാസ്യയാക്കാനായി എന്റെ അടുക്കൽവന്നു. എന്നാൽ സഹായത്തിനായി ഞാൻ നിലവിളിച്ചമാത്രയിൽത്തന്നെ അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.” “ഈ വിധത്തിലാണ് അങ്ങയുടെ അടിമ എന്നോടു പെരുമാറിയത്,” തന്റെ ഭാര്യ പറഞ്ഞ കഥ കേട്ടപ്പോൾ യജമാനൻ കോപംകൊണ്ടു ജ്വലിച്ചു. യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ തടവുകാരെ ഇടുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ യോസേഫ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അവിടന്ന് അവനോടു കരുണ കാണിക്കുകയും ജയിലധികാരിക്ക് അവനോടു ദയ തോന്നാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് അധികാരി കാരാഗൃഹത്തിൽ ഉള്ള എല്ലാവരുടെയും മേൽനോട്ടം യോസേഫിനെ ഏൽപ്പിച്ചു. അവിടെ നടക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം അവനു നൽകി.

ഉൽപ്പത്തി 39:11-22 - നുള്ള വീഡിയോ