ഉൽപത്തി 36:1-19

ഉൽപത്തി 36:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിത്: ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്നീ കനാന്യകന്യകമാരെയും യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു. ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തു വച്ചു ജനിച്ച പുത്രന്മാർ. എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകല മൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. അവർക്ക് ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടാതെയിരുന്നു. അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവതത്തിൽ കുടിയിരുന്നു. സേയീർപർവതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിത്: ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ. രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ. സിബെയോന്റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു. ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, കോരഹ് പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ എദോംദേശത്ത് എലീഫാസിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു; ഇവർ എദോം ദേശത്ത് രെയൂവേലിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ. ഏശാവിന്റെ ഭാര്യയായ ഒഹോലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ് പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാർ. ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

ഉൽപത്തി 36:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എദോം എന്ന ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു: ഏശാവ്, ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകൾ അനയുടെ പുത്രി ഒഹൊലീബാമാ എന്നീ കനാന്യസ്‍ത്രീകളെയും ഇശ്മായേലിന്റെ പുത്രിയും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും വിവാഹം ചെയ്തു. ആദാ എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും, ഒഹൊലീബാമാ, യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. കനാനിൽവച്ച് ഏശാവിനു ജനിച്ച മക്കൾ ഇവരായിരുന്നു. പിന്നീട് ഏശാവ് ഭാര്യമാരോടും പുത്രീപുത്രന്മാരോടും മറ്റു കുടുംബാംഗങ്ങളോടും ആടുമാടുകൾ, മറ്റു മൃഗങ്ങൾ, കനാനിൽവച്ചു നേടിയ സമ്പാദ്യങ്ങൾ എന്നിവയോടുംകൂടി സഹോദരനായ യാക്കോബു താമസിച്ച സ്ഥലത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. രണ്ടു പേർക്കും ഒന്നിച്ചു പാർക്കാൻ ഇടമില്ലാത്തവിധം അത്ര വളരെ സമ്പാദ്യങ്ങൾ അവർക്കുണ്ടായിരുന്നു. അവർക്ക് ധാരാളം ആടുമാടുകൾ ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം അവയ്‍ക്കു മേയാൻ മതിയായിരുന്നില്ല. അതുകൊണ്ട് ഏശാവ് എന്ന എദോം സേയീർ മലമ്പ്രദേശത്തു പാർത്തു. സേയീർ മലമ്പ്രദേശത്തു പാർത്തിരുന്ന എദോമ്യരുടെ പിതാവായ ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. ഏശാവിന്റെ ഭാര്യ ആദായുടെ പുത്രൻ എലീഫാസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രൻ രെയൂവേൽ. എലീഫാസിന്റെ പുത്രന്മാരായിരുന്ന തേമാൻ, ഓമാർ, സെഫോ, ഗത്താം, കെനസ് എന്നിവർ. എലീഫാസിന്റെ ഉപഭാര്യ ആയിരുന്ന തിമ്നായുടെ പുത്രനാണ് അമാലേക്ക്. നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്റെ പുത്രന്മാർ. ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ ഇവരാണ്. സിബെയോന്റെ പുത്രി, അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. ഏശാവിന്റെ പിൻതലമുറക്കാരിൽ പ്രമാണികൾ താഴെപ്പറയുന്നവരാണ്: ഏശാവിന്റെ മൂത്തപുത്രനായിരുന്ന എലീഫാസിന്റെ പുത്രന്മാരായ തേമാൻ, ഓമാർ, സെഫോ, കെനസ്, കോരഹ്, ഗത്താം, അമാലേക്ക് എന്നീ ഗോത്രപിതാക്കന്മാർ. അവർ എദോമിൽവച്ച് ആദായിൽ എലീഫാസിനു ജനിച്ചു. ഏശാവിന്റെ പൗത്രന്മാരും രെയൂവേലിന്റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാർ എദോമിൽവച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാരാണ്. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. ഈ ഗോത്രപിതാക്കന്മാർ അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു. എദോം എന്നു പേരുള്ള ഏശാവിന്റെ പുത്രന്മാരായ ഗോത്രപിതാക്കന്മാർ ഇവരാണ്.

ഉൽപത്തി 36:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഏദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാണിത്: ഏശാവ് ഹിത്യനായ ഏലോൻ്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും യിശ്മായേലിന്‍റെ മകളും നെബായോത്തിൻ്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ. എന്നാൽ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്‍റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി. അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു. അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു. സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യം: ഏശാവിന്‍റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്‍റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകൻ രെയൂവേൽ. എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. തിമ്നാ എന്നവൾ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്‍റെ ഭാര്യയായ ആദായുടെ പുത്രന്മാർ. രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ. സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു. ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതൻ എലീഫാസിന്‍റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, കോരഹ്പ്രഭു, ഗഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ. ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാർ. ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ. ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

ഉൽപത്തി 36:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു: ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ. എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു. അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ കുടിയിരുന്നു. സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു: ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്. തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ. രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ. സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു. ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ. ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.

ഉൽപത്തി 36:1-19 സമകാലിക മലയാളവിവർത്തനം (MCV)

ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്: ഏശാവ് രണ്ട് കനാന്യസ്ത്രീകളെ വിവാഹംചെയ്തു: ഹിത്യനായ ഏലോന്റെ പുത്രി ആദായും അനായുടെ പുത്രിയും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളുമായ ഒഹൊലീബാമയുമാണവർ. കൂടാതെ, യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു. ആദാ ഏശാവിന് എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും ഒഹൊലീബാമ യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. ഇവരാണ് ഏശാവിനു കനാനിൽവെച്ചു ജനിച്ച പുത്രന്മാർ. ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി. അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി. അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു. മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്. ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ. എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ. രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ. ഏശാവിന്റെ ഭാര്യയും സിബെയോന്റെ കൊച്ചുമകളും അനായുടെ മകളുമായ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച പുത്രന്മാർ: യെയൂശ്, യലാം, കോരഹ്. ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്: ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ: പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്, കോരഹ്, ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്. ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ: പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ: പ്രധാനികളായ യെയൂശ്, യലാം, കോരഹ്, ഏശാവിന്റെ ഭാര്യയും അനായുടെ മകളുമായ ഒഹൊലീബാമയിൽനിന്നു ജനിച്ച പ്രധാനികൾ ഇവരത്രേ. ഏദോം എന്ന ഏശാവിന്റെ പുത്രന്മാർ ഇവരാകുന്നു; അവരുടെ പ്രധാനികളും ഇവരാണ്.