എദോം എന്ന ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു: ഏശാവ്, ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകൾ അനയുടെ പുത്രി ഒഹൊലീബാമാ എന്നീ കനാന്യസ്‍ത്രീകളെയും ഇശ്മായേലിന്റെ പുത്രിയും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും വിവാഹം ചെയ്തു. ആദാ എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും, ഒഹൊലീബാമാ, യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. കനാനിൽവച്ച് ഏശാവിനു ജനിച്ച മക്കൾ ഇവരായിരുന്നു. പിന്നീട് ഏശാവ് ഭാര്യമാരോടും പുത്രീപുത്രന്മാരോടും മറ്റു കുടുംബാംഗങ്ങളോടും ആടുമാടുകൾ, മറ്റു മൃഗങ്ങൾ, കനാനിൽവച്ചു നേടിയ സമ്പാദ്യങ്ങൾ എന്നിവയോടുംകൂടി സഹോദരനായ യാക്കോബു താമസിച്ച സ്ഥലത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. രണ്ടു പേർക്കും ഒന്നിച്ചു പാർക്കാൻ ഇടമില്ലാത്തവിധം അത്ര വളരെ സമ്പാദ്യങ്ങൾ അവർക്കുണ്ടായിരുന്നു. അവർക്ക് ധാരാളം ആടുമാടുകൾ ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം അവയ്‍ക്കു മേയാൻ മതിയായിരുന്നില്ല. അതുകൊണ്ട് ഏശാവ് എന്ന എദോം സേയീർ മലമ്പ്രദേശത്തു പാർത്തു. സേയീർ മലമ്പ്രദേശത്തു പാർത്തിരുന്ന എദോമ്യരുടെ പിതാവായ ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. ഏശാവിന്റെ ഭാര്യ ആദായുടെ പുത്രൻ എലീഫാസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രൻ രെയൂവേൽ. എലീഫാസിന്റെ പുത്രന്മാരായിരുന്ന തേമാൻ, ഓമാർ, സെഫോ, ഗത്താം, കെനസ് എന്നിവർ. എലീഫാസിന്റെ ഉപഭാര്യ ആയിരുന്ന തിമ്നായുടെ പുത്രനാണ് അമാലേക്ക്. നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്റെ പുത്രന്മാർ. ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ ഇവരാണ്. സിബെയോന്റെ പുത്രി, അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. ഏശാവിന്റെ പിൻതലമുറക്കാരിൽ പ്രമാണികൾ താഴെപ്പറയുന്നവരാണ്: ഏശാവിന്റെ മൂത്തപുത്രനായിരുന്ന എലീഫാസിന്റെ പുത്രന്മാരായ തേമാൻ, ഓമാർ, സെഫോ, കെനസ്, കോരഹ്, ഗത്താം, അമാലേക്ക് എന്നീ ഗോത്രപിതാക്കന്മാർ. അവർ എദോമിൽവച്ച് ആദായിൽ എലീഫാസിനു ജനിച്ചു. ഏശാവിന്റെ പൗത്രന്മാരും രെയൂവേലിന്റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാർ എദോമിൽവച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാരാണ്. ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. ഈ ഗോത്രപിതാക്കന്മാർ അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു. എദോം എന്നു പേരുള്ള ഏശാവിന്റെ പുത്രന്മാരായ ഗോത്രപിതാക്കന്മാർ ഇവരാണ്.