ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്:
ഏശാവ് രണ്ട് കനാന്യസ്ത്രീകളെ വിവാഹംചെയ്തു: ഹിത്യനായ ഏലോന്റെ പുത്രി ആദായും അനായുടെ പുത്രിയും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളുമായ ഒഹൊലീബാമയുമാണവർ. കൂടാതെ, യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു.
ആദാ ഏശാവിന് എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും ഒഹൊലീബാമ യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. ഇവരാണ് ഏശാവിനു കനാനിൽവെച്ചു ജനിച്ച പുത്രന്മാർ.
ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി. അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി. അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു.
മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്.
ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ:
ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ.
എലീഫാസിന്റെ പുത്രന്മാർ:
തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്. ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.
രെയൂവേലിന്റെ പുത്രന്മാർ:
നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ.
ഏശാവിന്റെ ഭാര്യയും സിബെയോന്റെ കൊച്ചുമകളും അനായുടെ മകളുമായ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച പുത്രന്മാർ:
യെയൂശ്, യലാം, കോരഹ്.
ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്:
ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ:
പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്, കോരഹ്, ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്.
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ:
പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്.
ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ:
പ്രധാനികളായ യെയൂശ്, യലാം, കോരഹ്, ഏശാവിന്റെ ഭാര്യയും അനായുടെ മകളുമായ ഒഹൊലീബാമയിൽനിന്നു ജനിച്ച പ്രധാനികൾ ഇവരത്രേ.
ഏദോം എന്ന ഏശാവിന്റെ പുത്രന്മാർ ഇവരാകുന്നു; അവരുടെ പ്രധാനികളും ഇവരാണ്.