ഉൽപത്തി 29:15-30

ഉൽപത്തി 29:15-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ലാബാൻ യാക്കോബിനോട്: നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയായുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു: നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിനു ലാബാൻ: ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോട്: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയായെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പായെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു. അതിനു ലാബാൻ: മൂത്തവൾക്കു മുമ്പേ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹായെ ദാസിയായി കൊടുത്തു. അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.

ഉൽപത്തി 29:15-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു മാസം കഴിഞ്ഞ് ലാബാൻ യാക്കോബിനോടു ചോദിച്ചു: “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്. ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവൾ ലേയായും ഇളയവൾ റാഹേലും. ലേയായുടെ കണ്ണുകൾ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാൽ റാഹേൽ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു. റാഹേലിൽ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം അങ്ങയെ സേവിച്ചുകൊള്ളാം.” “അവളെ നിനക്കു നല്‌കുന്നതാണ് മറ്റാർക്കു നല്‌കുന്നതിലും നല്ലത്. എന്റെകൂടെ ഇവിടെ വസിക്കുക.” യാക്കോബ് ഏഴു വർഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾപോലെ മാത്രമേ അയാൾക്കു തോന്നിയുള്ളൂ. യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാൻ അവളെ ഭാര്യയാക്കട്ടെ.” ലാബാൻ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി. എന്നാൽ രാത്രിയായപ്പോൾ ലാബാൻ ലേയായെ യാക്കോബിന്റെ അടുക്കൽ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു. ലാബാൻ സില്പായെ ലേയായ്‍ക്കു ദാസിയായി കൊടുത്തു. പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാൻ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?” ലാബാൻ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല. വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വർഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു. റാഹേലിനു ദാസിയായി ബിൽഹായെ ലാബാൻ നല്‌കി. യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാൾ റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു. അയാൾ ഏഴു വർഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു.

ഉൽപത്തി 29:15-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്‍റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കണമോ? നിനക്കു എന്ത് പ്രതിഫലം വേണം? എന്നോട് പറക” എന്നു പറഞ്ഞു. എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്‍റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്നു അവൻ പറഞ്ഞു. അതിന് ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നത് നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിച്ചതുകൊണ്ട് അത് അവനു അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോട്: “എന്‍റെ സമയം തികഞ്ഞിരിക്കുകയാൽ ഞാൻ എന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം” എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്‍റെ മകൾ ലേയയെ കൂട്ടി യാക്കോബിന്‍റെ അടുക്കൽ കൊണ്ടുപോയി വിട്ടു; യാക്കോബ് അവളെ സ്വീകരിച്ചു. ലാബാൻ തന്‍റെ മകൾ ലേയായ്ക്ക് തന്‍റെ ദാസി സില്പയെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അത് ലേയാ എന്നു കണ്ടു അവൻ ലാബാനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു?” എന്നു പറഞ്ഞു. അതിന് ലാബാൻ: “മൂത്തവൾക്കു മുമ്പ് ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല. വിവാഹ കർമ്മങ്ങളുടെ ആഴ്ചവട്ടം പൂർത്തീകരിക്കുന്നതു വരെ നീ കാത്തിരിക്കുക എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്കു തരും” എന്നു പറഞ്ഞു. യാക്കോബ് അങ്ങനെ തന്നെ ചെയ്തു, ലേയയുടെ വിവാഹ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്‍റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. തന്‍റെ മകൾ റാഹേലിന് ലാബാൻ തന്‍റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. യാക്കോബ് റാഹേലിന്‍റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാൻ്റെ അടുക്കൽ സേവനം ചെയ്തു.

ഉൽപത്തി 29:15-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.

ഉൽപത്തി 29:15-30 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ലാബാൻ യാക്കോബിനോട്, “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി പ്രതിഫലം കൂടാതെ ജോലി ചെയ്യണമെന്നുണ്ടോ? നിനക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ” എന്നു ചോദിച്ചു. ലാബാനു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു; മൂത്തവളുടെ പേര് ലേയാ എന്നും ഇളയവളുടെ പേര് റാഹേൽ എന്നും ആയിരുന്നു. ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, “അങ്ങയുടെ ഇളയ മകളായ റാഹേലിനുവേണ്ടി ഞാൻ ഏഴുവർഷം അങ്ങയെ സേവിക്കാം” എന്ന് അദ്ദേഹം ലാബാനോടു പറഞ്ഞു. “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ നിനക്കു തരുന്നതാണു നല്ലത്; എന്റെകൂടെ ഇവിടെ താമസിക്കുക” എന്നായിരുന്നു ലാബാന്റെ മറുപടി. അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു. പിന്നെ യാക്കോബ് ലാബാനോട്, “ഇനി എനിക്ക് എന്റെ ഭാര്യയെ തരിക, എന്റെ കാലാവധി തികച്ചിരിക്കുന്നു, ഞാൻ അവളെ അറിയട്ടെ” എന്നു പറഞ്ഞു. ലാബാൻ ദേശവാസികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. രാത്രിയിൽ അദ്ദേഹം തന്റെ മകൾ ലേയയെ കൊണ്ടുചെന്ന് യാക്കോബിന്റെ അടുക്കൽ ആക്കി. യാക്കോബ് അവളെ അറിഞ്ഞു. ലാബാൻ തന്റെ വേലക്കാരിയായ സിൽപ്പയെ മകൾക്കു ദാസിയായി വിട്ടുകൊടുത്തു. നേരം പുലർന്നപ്പോൾ, അതു ലേയാ ആയിരുന്നെന്നു ഗ്രഹിച്ചിട്ട് യാക്കോബ് ലാബാനോട്, “താങ്കൾ എന്നോട് ചെയ്തതെന്ത്? ഞാൻ റാഹേലിനുവേണ്ടി അല്ലയോ അങ്ങയെ സേവിച്ചത്? എന്നെ കബളിപ്പിച്ചത് എന്തിന്?” എന്നു ചോദിച്ചു. അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പായി ഇളയവളുടെ വിവാഹം നടത്തുന്ന സമ്പ്രദായം ഇവിടെ ഞങ്ങൾക്കില്ല. ഇവളുടെ വിവാഹവാരം പൂർത്തിയാക്കുക, മറ്റൊരു ഏഴുവർഷത്തെ പ്രയത്നത്തിനു പ്രതിഫലമായി ഇളയവളെയും ഞങ്ങൾ നിനക്കു തരാം.” യാക്കോബ് അങ്ങനെതന്നെ ചെയ്തു. അദ്ദേഹം ലേയായോടൊത്തുള്ള വിവാഹവാരം പൂർത്തീകരിച്ചു. പിന്നീട് ലാബാൻ തന്റെ മകളായ റാഹേലിനെയും യാക്കോബിന് ഭാര്യയായി നൽകി. ലാബാൻ തന്റെ വേലക്കാരിയായ ബിൽഹയെ മകളായ റാഹേലിനു ദാസിയായി കൊടുത്തു. യാക്കോബ് റാഹേലിനെ അറിഞ്ഞു. അദ്ദേഹം ലേയയെക്കാൾ കൂടുതലായി റാഹേലിനെ സ്നേഹിച്ചു; ലാബാനുവേണ്ടി അദ്ദേഹം മറ്റൊരു ഏഴുവർഷംകൂടി പണിയെടുത്തു.