അതിനുശേഷം ലാബാൻ യാക്കോബിനോട്, “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി പ്രതിഫലം കൂടാതെ ജോലി ചെയ്യണമെന്നുണ്ടോ? നിനക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ” എന്നു ചോദിച്ചു. ലാബാനു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു; മൂത്തവളുടെ പേര് ലേയാ എന്നും ഇളയവളുടെ പേര് റാഹേൽ എന്നും ആയിരുന്നു. ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, “അങ്ങയുടെ ഇളയ മകളായ റാഹേലിനുവേണ്ടി ഞാൻ ഏഴുവർഷം അങ്ങയെ സേവിക്കാം” എന്ന് അദ്ദേഹം ലാബാനോടു പറഞ്ഞു. “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ നിനക്കു തരുന്നതാണു നല്ലത്; എന്റെകൂടെ ഇവിടെ താമസിക്കുക” എന്നായിരുന്നു ലാബാന്റെ മറുപടി. അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു. പിന്നെ യാക്കോബ് ലാബാനോട്, “ഇനി എനിക്ക് എന്റെ ഭാര്യയെ തരിക, എന്റെ കാലാവധി തികച്ചിരിക്കുന്നു, ഞാൻ അവളെ അറിയട്ടെ” എന്നു പറഞ്ഞു. ലാബാൻ ദേശവാസികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. രാത്രിയിൽ അദ്ദേഹം തന്റെ മകൾ ലേയയെ കൊണ്ടുചെന്ന് യാക്കോബിന്റെ അടുക്കൽ ആക്കി. യാക്കോബ് അവളെ അറിഞ്ഞു. ലാബാൻ തന്റെ വേലക്കാരിയായ സിൽപ്പയെ മകൾക്കു ദാസിയായി വിട്ടുകൊടുത്തു. നേരം പുലർന്നപ്പോൾ, അതു ലേയാ ആയിരുന്നെന്നു ഗ്രഹിച്ചിട്ട് യാക്കോബ് ലാബാനോട്, “താങ്കൾ എന്നോട് ചെയ്തതെന്ത്? ഞാൻ റാഹേലിനുവേണ്ടി അല്ലയോ അങ്ങയെ സേവിച്ചത്? എന്നെ കബളിപ്പിച്ചത് എന്തിന്?” എന്നു ചോദിച്ചു. അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പായി ഇളയവളുടെ വിവാഹം നടത്തുന്ന സമ്പ്രദായം ഇവിടെ ഞങ്ങൾക്കില്ല. ഇവളുടെ വിവാഹവാരം പൂർത്തിയാക്കുക, മറ്റൊരു ഏഴുവർഷത്തെ പ്രയത്നത്തിനു പ്രതിഫലമായി ഇളയവളെയും ഞങ്ങൾ നിനക്കു തരാം.” യാക്കോബ് അങ്ങനെതന്നെ ചെയ്തു. അദ്ദേഹം ലേയായോടൊത്തുള്ള വിവാഹവാരം പൂർത്തീകരിച്ചു. പിന്നീട് ലാബാൻ തന്റെ മകളായ റാഹേലിനെയും യാക്കോബിന് ഭാര്യയായി നൽകി. ലാബാൻ തന്റെ വേലക്കാരിയായ ബിൽഹയെ മകളായ റാഹേലിനു ദാസിയായി കൊടുത്തു. യാക്കോബ് റാഹേലിനെ അറിഞ്ഞു. അദ്ദേഹം ലേയയെക്കാൾ കൂടുതലായി റാഹേലിനെ സ്നേഹിച്ചു; ലാബാനുവേണ്ടി അദ്ദേഹം മറ്റൊരു ഏഴുവർഷംകൂടി പണിയെടുത്തു.
ഉൽപ്പത്തി 29 വായിക്കുക
കേൾക്കുക ഉൽപ്പത്തി 29
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 29:15-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ