ഉൽപത്തി 24:52-67
ഉൽപത്തി 24:52-67 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്ത് റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയയ്ക്കേണമെന്നു പറഞ്ഞു. അതിന് അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തു ദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. ഞങ്ങൾ ബാലയെ വിളിച്ച് അവളോടു ചോദിക്കട്ടെ എന്ന് അവർ പറഞ്ഞു. അവർ റിബെക്കായെ വിളിച്ച് അവളോട്: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്ന് അവൾ പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കായെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. അവർ റിബെക്കായെ അനുഗ്രഹിച്ച് അവളോട്: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു. പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടു പോയി. എന്നാൽ യിസ്ഹാക് ബേർ-ലഹയീ-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തല പൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കായും തല പൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. അവൾ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യമൊക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചുപറഞ്ഞു. യിസ്ഹാക് അവളെ തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായിത്തീർന്നു; അവന് അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.
ഉൽപത്തി 24:52-67 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പറഞ്ഞതു കേട്ട് അബ്രഹാമിന്റെ ദാസൻ സാഷ്ടാംഗം വീണു സർവേശ്വരനെ വന്ദിച്ചു. വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി. അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാർത്തു. രാവിലെ എഴുന്നേറ്റ് അയാൾ പറഞ്ഞു: “എന്നെ യജമാനന്റെ അടുക്കലേക്കു പോകാൻ അനുവദിച്ചാലും.” “ഒരു പത്തു ദിവസമെങ്കിലും പെൺകുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവൾ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു. അപ്പോൾ ദാസൻ പറഞ്ഞു: “സർവേശ്വരൻ എന്റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്റെ അടുക്കലേക്കു പോകാൻ എന്നെ അനുവദിച്ചാലും.” അവർ പറഞ്ഞു: “നമുക്കു പെൺകുട്ടിയെ വിളിച്ചു ചോദിക്കാം.” അവർ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവൾ മറുപടി പറഞ്ഞു. അങ്ങനെ അവർ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്റെ ദാസന്റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി. തത്സമയം അവർ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്റെ സന്താനപരമ്പരകൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശപ്പെടുത്തട്ടെ.” പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസൻ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേർ-ലഹയീരോയീയിൽനിന്നു വന്നു നെഗെബിൽ താമസിച്ചു. ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാൾ നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവൾ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യൻ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനൻ” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ അവൾ മൂടുപടമെടുത്തു മുഖം മൂടി. താൻ ചെയ്തതെല്ലാം ദാസൻ ഇസ്ഹാക്കിനോടു വിവരിച്ചു. ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാൾ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.
ഉൽപത്തി 24:52-67 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അബ്രാഹാമിന്‍റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു. അതിന് അവളുടെ സഹോദരനും അമ്മയും: “ബാലിക ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ” എന്നു പറഞ്ഞു. അവൻ അവരോട്: “എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം” എന്നു പറഞ്ഞു. “ഞങ്ങൾ ബാലികയെ വിളിച്ചു അവളോടു ചോദിക്കട്ടെ” എന്നു അവർ പറഞ്ഞു. അവർ റിബെക്കായെ വിളിച്ച് അവളോട്: “നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” എന്നു അവൾ പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ പരിചാരികയെയും അബ്രാഹാമിന്‍റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. അവർ റിബെക്കായെ അനുഗ്രഹിച്ചു അവളോട്: “സഹോദരീ, നീ ആയിരം പതിനായിരങ്ങളുടെ അമ്മയായി തീരുക; നിന്‍റെ സന്തതികൾ, അവരെ വെറുക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ” എന്നു പറഞ്ഞു. പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ യിസ്ഹാക്ക് ബേർലഹയി-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കുകയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിക്കുവാൻ വിജനസ്ഥലത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നത് കണ്ടു. റിബെക്കായും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. അവൾ ദാസനോട്: “വിജനസ്ഥലത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആര്‍” എന്നു ചോദിച്ചതിന് “എന്‍റെ യജമാനൻ തന്നെ” എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു. യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ സ്വീകരിച്ചു അവൾ അവനു ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.
ഉൽപത്തി 24:52-67 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു. അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു. അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു. അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു. പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ യിസ്ഹാക്ക് ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക്ക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി. അവൾ ദാസനോടു: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു. യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.
ഉൽപത്തി 24:52-67 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കുകേട്ട്, സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. പിന്നെ അദ്ദേഹം സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബേക്കയ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും അയാൾ വിലയേറിയ സമ്മാനങ്ങൾ നൽകി. അതിനുശേഷം അദ്ദേഹവും കൂടെയുള്ളവരും ഭക്ഷിക്കുകയും പാനംചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. അവർ രാവിലെ എഴുന്നേറ്റു. “എന്നെ എന്റെ യജമാനന്റെ അടുത്തേക്കു യാത്രയയച്ചാലും” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ സഹോദരനും അമ്മയും, “അവൾ പത്തുദിവസം ഞങ്ങളുടെകൂടെ നിൽക്കട്ടെ, അതു കഴിഞ്ഞ് നിങ്ങൾക്കു പോകാം” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അദ്ദേഹം അവരോട്: “എന്നെ താമസിപ്പിക്കരുത്, യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നു! എന്റെ യജമാനന്റെ അടുക്കൽ ചെല്ലേണ്ടതിന് എന്നെ യാത്രയാക്കിയാലും” എന്നു പറഞ്ഞു. “നമുക്കു പെൺകുട്ടിയെ വിളിച്ച് അവളോടു ചോദിക്കാം” അവർ പറഞ്ഞു. അവർ റിബേക്കയെ വിളിച്ച് “നീ ഇദ്ദേഹത്തോടുകൂടെ പോകുന്നോ?” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” അവൾ പറഞ്ഞു. അവർ തങ്ങളുടെ സഹോദരിയായ റിബേക്കയെ അവളുടെ ശുശ്രൂഷക്കാരിയോടും അബ്രാഹാമിന്റെ ദാസനോടും അദ്ദേഹത്തിന്റെ ആളുകളോടുംകൂടെ യാത്രയാക്കി. അവർ റിബേക്കയെ അനുഗ്രഹിച്ചു പറഞ്ഞു: “നമ്മുടെ സഹോദരീ, നീ വർധിക്കട്ടെ, ആയിരമായിരമായിത്തന്നെ; നിന്റെ സന്താനങ്ങൾ അവരുടെ വൈരികളുടെ പട്ടണങ്ങൾ കൈവശമാക്കട്ടെ.” ഇതിനുശേഷം റിബേക്കയും അവളുടെ ദാസിമാരും ഒരുങ്ങി തങ്ങളുടെ ഒട്ടകങ്ങളിന്മേൽ കയറി ആ പുരുഷനോടൊപ്പം യാത്രയായി. അങ്ങനെ ആ ദാസൻ റിബേക്കയെയുംകൂട്ടി യാത്രപുറപ്പെട്ടു. ഇതിനിടയിൽ യിസ്ഹാക്ക് ബേർ-ലഹയീ-രോയീയിൽനിന്ന് വന്നു; അദ്ദേഹം തെക്കേദേശത്താണു താമസിച്ചിരുന്നത്. ഒരു ദിവസം സന്ധ്യക്ക് യിസ്ഹാക്ക് ധ്യാനിക്കുന്നതിനു വയലിലേക്കുപോയി; തലയുയർത്തിനോക്കിയപ്പോൾ ഒട്ടകങ്ങൾ അടുത്തു വരുന്നതായി കണ്ടു. റിബേക്കയും തല ഉയർത്തിനോക്കി, യിസ്ഹാക്കിനെ കണ്ടു. അവൾ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി. ദാസനോട്, “നമ്മെ വരവേൽക്കാൻ വരുന്ന ആ മനുഷ്യൻ ആരാണ്?” എന്നു ചോദിച്ചു. “അദ്ദേഹമാണ് എന്റെ യജമാനൻ” ദാസൻ ഉത്തരം പറഞ്ഞു. അവൾ മൂടുപടം എടുത്ത് തന്നെത്തന്നെ മറച്ചു. ദാസൻ താൻ ചെയ്ത എല്ലാക്കാര്യങ്ങളും യിസ്ഹാക്കിനെ അറിയിച്ചു. യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൂട്ടിക്കൊണ്ടുപോയി; അവൻ റിബേക്കയെ വിവാഹംചെയ്തു. റിബേക്ക യിസ്ഹാക്കിന്റെ ഭാര്യയായിത്തീർന്നു; അയാൾ അവളെ സ്നേഹിച്ചു; അങ്ങനെ അമ്മയുടെ മരണശേഷം യിസ്ഹാക്കിനു സാന്ത്വനം ലഭിച്ചു.