ഉൽപത്തി 24:52-67

ഉൽപത്തി 24:52-67 MALOVBSI

അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്ത് റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കൾ കൊടുത്തു. അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയയ്ക്കേണമെന്നു പറഞ്ഞു. അതിന് അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തു ദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. ഞങ്ങൾ ബാലയെ വിളിച്ച് അവളോടു ചോദിക്കട്ടെ എന്ന് അവർ പറഞ്ഞു. അവർ റിബെക്കായെ വിളിച്ച് അവളോട്: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്ന് അവൾ പറഞ്ഞു. അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കായെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. അവർ റിബെക്കായെ അനുഗ്രഹിച്ച് അവളോട്: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു. പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കായെ കൂട്ടിക്കൊണ്ടു പോയി. എന്നാൽ യിസ്ഹാക് ബേർ-ലഹയീ-രോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു; അവൻ തല പൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബെക്കായും തല പൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി. അവൾ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. താൻ ചെയ്ത കാര്യമൊക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചുപറഞ്ഞു. യിസ്ഹാക് അവളെ തന്റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കായെ പരിഗ്രഹിച്ചു; അവൾ അവനു ഭാര്യയായിത്തീർന്നു; അവന് അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

ഉൽപത്തി 24:52-67 - നുള്ള വീഡിയോ