അവർ പറഞ്ഞതു കേട്ട് അബ്രഹാമിന്റെ ദാസൻ സാഷ്ടാംഗം വീണു സർവേശ്വരനെ വന്ദിച്ചു. വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി. അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാർത്തു. രാവിലെ എഴുന്നേറ്റ് അയാൾ പറഞ്ഞു: “എന്നെ യജമാനന്റെ അടുക്കലേക്കു പോകാൻ അനുവദിച്ചാലും.” “ഒരു പത്തു ദിവസമെങ്കിലും പെൺകുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവൾ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു. അപ്പോൾ ദാസൻ പറഞ്ഞു: “സർവേശ്വരൻ എന്റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്റെ അടുക്കലേക്കു പോകാൻ എന്നെ അനുവദിച്ചാലും.” അവർ പറഞ്ഞു: “നമുക്കു പെൺകുട്ടിയെ വിളിച്ചു ചോദിക്കാം.” അവർ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവൾ മറുപടി പറഞ്ഞു. അങ്ങനെ അവർ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്റെ ദാസന്റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി. തത്സമയം അവർ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്റെ സന്താനപരമ്പരകൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശപ്പെടുത്തട്ടെ.” പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസൻ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേർ-ലഹയീരോയീയിൽനിന്നു വന്നു നെഗെബിൽ താമസിച്ചു. ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാൾ നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവൾ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യൻ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനൻ” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ അവൾ മൂടുപടമെടുത്തു മുഖം മൂടി. താൻ ചെയ്തതെല്ലാം ദാസൻ ഇസ്ഹാക്കിനോടു വിവരിച്ചു. ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാൾ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.
GENESIS 24 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 24:52-67
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ