ഉൽപത്തി 24:1-27

ഉൽപത്തി 24:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിനൊക്കെയും വിചാരകനുമായ ദാസനോട് അബ്രാഹാം പറഞ്ഞത്: നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക; ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്ന് നീ എന്റെ മകനു ഭാര്യയെ എടുക്കാതെ, എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ എടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. ദാസൻ അവനോട്: പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. അബ്രാഹാം അവനോട് പറഞ്ഞത്: എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകുക മാത്രം അരുത്. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈ വച്ച് അങ്ങനെ അവനോടു സത്യം ചെയ്തു. അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്ത് ഒട്ടകങ്ങളെയും യജമാനനുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ട് മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിനു പുറത്ത് ഒരു കിണറ്റിനരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ. ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്ക് കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീതന്നെ നീ നിന്റെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്ന്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്ന് അവൾ പറഞ്ഞു വേഗം പാത്രം കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു. അവനു കുടിപ്പാൻ കൊടുത്തശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു. ഒട്ടകങ്ങൾ കുടിച്ചുതീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്: നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലം ഉണ്ടോ എന്നു ചോദിച്ചു. അവൾ അവനോട്: നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാകുന്നു ഞാൻ എന്നു പറഞ്ഞു. ഞങ്ങളുടെയവിടെ വൈക്കോലും തീനും വേണ്ടുവോളം ഉണ്ട്; രാപാർപ്പാൻ സ്ഥലവും ഉണ്ട് എന്നും അവൾ പറഞ്ഞു. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.

ഉൽപത്തി 24:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അബ്രഹാം വളരെ വൃദ്ധനായി; സർവേശ്വരൻ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു. ഒരു ദിവസം തന്റെ ഭവനത്തിലെ ദാസന്മാരിൽ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വയ്‍ക്കുക. ഞാൻ പാർക്കുന്ന ഈ കനാൻദേശത്തിലെ പെൺകുട്ടികളിൽനിന്നു എന്റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും, എന്റെ ജന്മസ്ഥലത്തുള്ള എന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്നുതന്നെ ഒരു പെൺകുട്ടിയെ എന്റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യണം.” ദാസൻ ചോദിച്ചു: “ഒരുപക്ഷേ, പെൺകുട്ടി സ്വന്തം വീടുവിട്ട് എന്റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാൽ ഞാൻ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാൻ കൊണ്ടുപോകണമോ?” അബ്രഹാം പറഞ്ഞു: “എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാൽ ആ പെൺകുട്ടി നിന്റെകൂടെ പോരാൻ വിസമ്മതിച്ചാൽ എന്നോടു ചെയ്ത ഈ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.” ദാസൻ തന്റെ യജമാനനായ അബ്രഹാമിന്റെ തുടയുടെ കീഴിൽ കൈവച്ച് അപ്രകാരം പ്രവർത്തിക്കാമെന്നു സത്യം ചെയ്തു. ആ ദാസൻ യജമാനന്റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിലേക്കു യാത്രയായി. അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിർത്തി. വൈകുന്നേരം സ്‍ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്. അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. പട്ടണത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്ന നീരുറവയുടെ അടുക്കൽ ഞാൻ നില്‌ക്കുകയാണല്ലോ, ‘എനിക്കു വെള്ളം കുടിക്കാൻ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരിൽ ആരോടെങ്കിലും ചോദിക്കുമ്പോൾ, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങൾക്കുകൂടി ഞാൻ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെൺകുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാൽ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കും.” അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. അപ്പോഴെല്ലാം അയാൾ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്റെ ദൗത്യം സർവേശ്വരൻ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാൾ നിശ്ശബ്ദനായിരുന്നു. ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു: “നീ ആരുടെ പുത്രിയാണ്? ഞങ്ങൾക്ക് ഇന്നു രാപാർക്കാൻ നിന്റെ വീട്ടിൽ ഇടമുണ്ടോ?” അവൾ പറഞ്ഞു: “ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്. ഞങ്ങളുടെ വീട്ടിൽ, മൃഗങ്ങൾക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങൾക്കു രാപാർക്കുകയും ചെയ്യാം.” അയാൾ തലകുനിച്ചു സർവേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് എന്റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്റെ യജമാനന്റെ ചാർച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.”

ഉൽപത്തി 24:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. തന്‍റെ വീട്ടിൽ മൂപ്പനും തനിക്കുള്ള സമ്പത്തിനൊക്കെയും കാര്യവിചാരകനായ ദാസനോട് അബ്രാഹാം പറഞ്ഞത്: “നിന്‍റെ കൈ എന്‍റെ തുടയിൻകീഴിൽ വെക്കുക; ചുറ്റും വസിക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്‍റെ മകന് ഭാര്യയെ എടുക്കാതെ, എന്‍റെ ദേശത്തും എന്‍റെ കുടുംബക്കാരുടെ അടുക്കലും ചെന്നു എന്‍റെ മകനായ യിസ്ഹാക്കിന് ഭാര്യയെ എടുക്കുമെന്ന് സ്വർഗ്ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കും.” ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്‍റെ മകനെ മടക്കിക്കൊണ്ടുപോകണമോ?“ എന്നു ചോദിച്ചു. അബ്രാഹാം അവനോട് പറഞ്ഞത്: “എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക. എന്‍റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്‍റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോട് സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിൻ്റെ ദൈവമായ യഹോവ എന്‍റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻതക്കവണ്ണം നിനക്കു മുമ്പായി തന്‍റെ ദൂതനെ അയക്കും. എന്നാൽ പെൺകുട്ടിക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.” അപ്പോൾ ദാസൻ തന്‍റെ യജമാനനായ അബ്രാഹാമിന്‍റെ തുടയിൻകീഴിൽ കൈവച്ച് ഈ കാര്യത്തെക്കുറിച്ച് അവനോട് സത്യംചെയ്തു. അനന്തരം ആ ദാസൻ തന്‍റെ യജമാനന്‍റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനനുള്ള വിവിധങ്ങളായ വിശേഷവസ്തുക്കളും കൊണ്ടു പുറപ്പെട്ടു അരാം നഹരായീമില്‍ നാഹോരിൻ്റെ പട്ടണത്തിൽ ചെന്നു. വൈകുന്നേരം സ്ത്രീകൾ വെള്ളംകോരുവാൻ വരുന്ന സമയത്ത് അവൻ ഒട്ടകങ്ങളെ പട്ടണത്തിന് പുറത്ത് ഒരു കിണറിനരികെ നിർത്തി ഇപ്രകാരം പറഞ്ഞു: “എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, എന്‍റെ യജമാനനായ അബ്രാഹാമിനോടു കൃപ ചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളംകോരുവാൻ വരുന്നു. ‘നിന്‍റെ പാത്രം ഇറക്കി എനിക്ക് കുടിക്കുവാൻ തരേണം’ എന്നു ഞാൻ പറയുമ്പോൾ: ‘കുടിക്ക; നിന്‍റെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം ഞാൻ കൊടുക്കാം’ എന്നു പറയുന്ന പെൺകുട്ടി തന്നെ അവിടുന്ന് അവിടുത്തെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; അവിടുന്ന് എന്‍റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.” അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിൻ്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിൻ്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാലിക അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രത്തിൽ വെള്ളം നിറച്ച് കയറി വന്നു. ദാസൻ അവളെ കാണുവാനായി ഓടിച്ചെന്നു: “നിന്‍റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരേണം” എന്നു പറഞ്ഞു. “യജമാനനേ, കുടിക്ക” എന്നു അവൾ പറഞ്ഞു വേഗം പാത്രം അവളുടെ തോളിൽനിന്നും താഴ്ത്തി അവനു കുടിക്കുവാൻ കൊടുത്തു. അവനു കുടിക്കുവാൻ കൊടുത്തശേഷം: “അങ്ങേയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്‍റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ സൂക്ഷിച്ചു നോക്കി, യഹോവ തന്‍റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന് മിണ്ടാതിരുന്നു. ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തുശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്: “നീ ആരുടെ മകൾ? പറയുക; നിന്‍റെ അപ്പന്‍റെ വീട്ടിൽ ഞങ്ങൾക്കു രാത്രിയിൽ വിശ്രമിക്കുവാൻ സ്ഥലമുണ്ടോ? എന്നു ചോദിച്ചു. അവൾ അവനോട്: “നാഹോരിന് മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ ആകുന്നു ഞാൻ” എന്നു പറഞ്ഞു. “ഞങ്ങൾക്ക് വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ട്; രാപാർക്കുവാൻ സ്ഥലവും ഉണ്ട്” എന്നും അവൾ പറഞ്ഞു. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: “എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് എന്‍റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്‍റെ യജമാനന്‍റെ സഹോദരന്മാരുടെ വീട്ടിലേക്ക് നടത്തിക്കൊണ്ടുവന്നുവല്ലോ” എന്നു പറഞ്ഞു.

ഉൽപത്തി 24:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക; ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു. അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നേ കാര്യം സാധിപ്പിച്ചുതരേണമേ. ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു. അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു. ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു: നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു. അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു. ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു. അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.

ഉൽപത്തി 24:1-27 സമകാലിക മലയാളവിവർത്തനം (MCV)

അബ്രാഹാം വൃദ്ധനായി വളരെ പ്രായാധിക്യത്തിലെത്തി. യഹോവ അബ്രാഹാമിനെ എല്ലാറ്റിലും അനുഗ്രഹിച്ചിരുന്നു. അബ്രാഹാം തന്റെ വസ്തുവകകളുടെയെല്ലാം ചുമതല വഹിച്ചിരുന്ന ഏറ്റവും പ്രധാനിയായ ദാസനോട്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക. ഞാൻ ഇപ്പോൾ കനാന്യരുടെ മധ്യേ പാർക്കുന്നു. നീ എന്റെ മകനു ഭാര്യയായി ഈ കനാന്യപുത്രിമാരിൽ ഒരുവളെ എടുക്കാതെ, എന്റെ സ്വദേശത്ത്, സ്വജനങ്ങളുടെ അടുക്കൽ ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ തെരഞ്ഞെടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക” എന്നു പറഞ്ഞു. ദാസൻ അദ്ദേഹത്തോട്: “ആ സ്ത്രീക്ക് എന്നോടൊപ്പം ഈ ദേശത്തേക്കു വരുന്നതിനു സമ്മതമില്ലെങ്കിലോ? അപ്പോൾ ഞാൻ അങ്ങു വിട്ടുപോന്ന ദേശത്തേക്ക് അങ്ങയുടെ മകനെ കൂട്ടിക്കൊണ്ടുപോകണമോ?” എന്നു ചോദിച്ചു. അതിന് അബ്രാഹാം മറുപടി പറഞ്ഞത്, “നീ എന്റെ പുത്രനെ ആ ദേശത്തേക്കു കൊണ്ടുപോകാൻ പാടില്ല. എന്നെ എന്റെ പിതൃഭവനത്തിൽനിന്നും സ്വദേശത്തുനിന്നും കൂട്ടിക്കൊണ്ടുവരികയും എന്നോടു സംസാരിക്കുകയും ‘ഞാൻ ഈ ദേശം നിന്റെ സന്തതിക്കു തരും’ എന്ന് ആണയിട്ടു വാഗ്ദാനം നൽകുകയും ചെയ്ത, സ്വർഗത്തിന്റെ ദൈവമായ യഹോവ, അവിടത്തെ ദൂതനെ നിനക്കുമുമ്പായി അയയ്ക്കും; അങ്ങനെ അവിടെനിന്ന് എന്റെ മകനു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കുകയും ചെയ്യും. സ്ത്രീ നിന്നോടുകൂടെ ഇങ്ങോട്ടുവരുന്നതിനു വിസമ്മതിക്കുന്നെങ്കിൽ എന്നോടുള്ള ഈ ശപഥത്തിൽനിന്ന് നീ ഒഴിഞ്ഞിരിക്കും. എന്നാൽ എന്റെ മകനെ ഒരിക്കലും അവിടേക്കു കൊണ്ടുപോകരുത്.” ആ ദാസൻ തന്റെ കൈ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ വെച്ച്, ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തോടു ശപഥംചെയ്തു. പിന്നെ ആ ദാസൻ യജമാനന്റെ എല്ലാവിധ വിശിഷ്ടവസ്തുക്കളും ശേഖരിച്ച്, അദ്ദേഹത്തിന്റെ പത്ത് ഒട്ടകങ്ങളുമായി പുറപ്പെട്ടു. അബ്രാഹാമിന്റെ ദാസൻ അരാം-നെഹറയിമിലേക്കു യാത്രതിരിച്ച് നാഹോരിന്റെ പട്ടണത്തിൽ എത്തി. പട്ടണത്തിനു പുറത്തുള്ള കിണറ്റിനരികെ അദ്ദേഹം ഒട്ടകങ്ങളെ നിർത്തി; അപ്പോൾ സ്ത്രീകൾ വെള്ളം കോരാൻ പുറത്തേക്കു പോകുന്ന സന്ധ്യയോടടുത്ത സമയമായിരുന്നു. പിന്നെ അദ്ദേഹം പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കരുണതോന്നി ഇന്ന് എനിക്കു വിജയം തരണമേ. ഇതാ, ഞാൻ ഇവിടെ ഈ കിണറ്റിനരികെ നിൽക്കുന്നു; പട്ടണവാസികളുടെ പുത്രിമാർ വെള്ളം കോരാൻ വരുന്നു. ഞാൻ ഒരു പെൺകുട്ടിയോട്, ‘നിന്റെ കുടം ചരിച്ച് എനിക്കു കുടിക്കാൻ തരണം’ എന്നു പറയുമ്പോൾ അവൾ, ‘കുടിച്ചുകൊള്ളൂ, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറയുന്നെങ്കിൽ അവൾതന്നെ ആയിരിക്കട്ടെ അവിടത്തെ ദാസനായ യിസ്ഹാക്കിനുവേണ്ടി അവിടന്നു തെരഞ്ഞെടുത്തവൾ. എന്റെ യജമാനനോട് അങ്ങു കരുണ കാണിച്ചെന്ന് ഞാൻ ഇതിനാൽ ഗ്രഹിച്ചുകൊള്ളാം.” അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു. ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു. ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു. “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു. അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു. അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. യഹോവ, തന്റെ യാത്ര വിജയകരമാക്കിയോ എന്നു ഗ്രഹിക്കേണ്ടതിന് ആ ദാസൻ ഒന്നും ഉരിയാടാതെ, അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചു. ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരു ബെക്കാ തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തുശേക്കേൽ തൂക്കമുള്ള രണ്ടു സ്വർണവളയും പുറത്തെടുത്തു. “നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാപാർക്കാൻ നിന്റെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ? എന്നോടു ദയവായി പറയുക” അയാൾ പറഞ്ഞു. അവൾ അയാളോട്: “നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാണു ഞാൻ” എന്ന് ഉത്തരം പറഞ്ഞു. “ഞങ്ങളുടെ വീട്ടിൽ ധാരാളം വൈക്കോലും തീറ്റയും ഉണ്ട്, നിങ്ങൾക്കു രാത്രി കഴിച്ചുകൂട്ടാൻ ഇടവും ഉണ്ട്,” അവൾ കൂട്ടിച്ചേർത്തു. അപ്പോൾ അയാൾ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചുകൊണ്ട്, “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ, എന്റെ യജമാനനോടുള്ള അവിടത്തെ ദയയും വിശ്വസ്തതയും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. യഹോവ എന്റെ യാത്രയിൽ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് എന്നെ നയിച്ചല്ലോ!” എന്നു പറഞ്ഞു.