അബ്രാഹാം വൃദ്ധനായി വളരെ പ്രായാധിക്യത്തിലെത്തി. യഹോവ അബ്രാഹാമിനെ എല്ലാറ്റിലും അനുഗ്രഹിച്ചിരുന്നു. അബ്രാഹാം തന്റെ വസ്തുവകകളുടെയെല്ലാം ചുമതല വഹിച്ചിരുന്ന ഏറ്റവും പ്രധാനിയായ ദാസനോട്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക. ഞാൻ ഇപ്പോൾ കനാന്യരുടെ മധ്യേ പാർക്കുന്നു. നീ എന്റെ മകനു ഭാര്യയായി ഈ കനാന്യപുത്രിമാരിൽ ഒരുവളെ എടുക്കാതെ, എന്റെ സ്വദേശത്ത്, സ്വജനങ്ങളുടെ അടുക്കൽ ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ തെരഞ്ഞെടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക” എന്നു പറഞ്ഞു. ദാസൻ അദ്ദേഹത്തോട്: “ആ സ്ത്രീക്ക് എന്നോടൊപ്പം ഈ ദേശത്തേക്കു വരുന്നതിനു സമ്മതമില്ലെങ്കിലോ? അപ്പോൾ ഞാൻ അങ്ങു വിട്ടുപോന്ന ദേശത്തേക്ക് അങ്ങയുടെ മകനെ കൂട്ടിക്കൊണ്ടുപോകണമോ?” എന്നു ചോദിച്ചു. അതിന് അബ്രാഹാം മറുപടി പറഞ്ഞത്, “നീ എന്റെ പുത്രനെ ആ ദേശത്തേക്കു കൊണ്ടുപോകാൻ പാടില്ല. എന്നെ എന്റെ പിതൃഭവനത്തിൽനിന്നും സ്വദേശത്തുനിന്നും കൂട്ടിക്കൊണ്ടുവരികയും എന്നോടു സംസാരിക്കുകയും ‘ഞാൻ ഈ ദേശം നിന്റെ സന്തതിക്കു തരും’ എന്ന് ആണയിട്ടു വാഗ്ദാനം നൽകുകയും ചെയ്ത, സ്വർഗത്തിന്റെ ദൈവമായ യഹോവ, അവിടത്തെ ദൂതനെ നിനക്കുമുമ്പായി അയയ്ക്കും; അങ്ങനെ അവിടെനിന്ന് എന്റെ മകനു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കുകയും ചെയ്യും. സ്ത്രീ നിന്നോടുകൂടെ ഇങ്ങോട്ടുവരുന്നതിനു വിസമ്മതിക്കുന്നെങ്കിൽ എന്നോടുള്ള ഈ ശപഥത്തിൽനിന്ന് നീ ഒഴിഞ്ഞിരിക്കും. എന്നാൽ എന്റെ മകനെ ഒരിക്കലും അവിടേക്കു കൊണ്ടുപോകരുത്.” ആ ദാസൻ തന്റെ കൈ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ വെച്ച്, ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തോടു ശപഥംചെയ്തു. പിന്നെ ആ ദാസൻ യജമാനന്റെ എല്ലാവിധ വിശിഷ്ടവസ്തുക്കളും ശേഖരിച്ച്, അദ്ദേഹത്തിന്റെ പത്ത് ഒട്ടകങ്ങളുമായി പുറപ്പെട്ടു. അബ്രാഹാമിന്റെ ദാസൻ അരാം-നെഹറയിമിലേക്കു യാത്രതിരിച്ച് നാഹോരിന്റെ പട്ടണത്തിൽ എത്തി. പട്ടണത്തിനു പുറത്തുള്ള കിണറ്റിനരികെ അദ്ദേഹം ഒട്ടകങ്ങളെ നിർത്തി; അപ്പോൾ സ്ത്രീകൾ വെള്ളം കോരാൻ പുറത്തേക്കു പോകുന്ന സന്ധ്യയോടടുത്ത സമയമായിരുന്നു. പിന്നെ അദ്ദേഹം പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കരുണതോന്നി ഇന്ന് എനിക്കു വിജയം തരണമേ. ഇതാ, ഞാൻ ഇവിടെ ഈ കിണറ്റിനരികെ നിൽക്കുന്നു; പട്ടണവാസികളുടെ പുത്രിമാർ വെള്ളം കോരാൻ വരുന്നു. ഞാൻ ഒരു പെൺകുട്ടിയോട്, ‘നിന്റെ കുടം ചരിച്ച് എനിക്കു കുടിക്കാൻ തരണം’ എന്നു പറയുമ്പോൾ അവൾ, ‘കുടിച്ചുകൊള്ളൂ, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറയുന്നെങ്കിൽ അവൾതന്നെ ആയിരിക്കട്ടെ അവിടത്തെ ദാസനായ യിസ്ഹാക്കിനുവേണ്ടി അവിടന്നു തെരഞ്ഞെടുത്തവൾ. എന്റെ യജമാനനോട് അങ്ങു കരുണ കാണിച്ചെന്ന് ഞാൻ ഇതിനാൽ ഗ്രഹിച്ചുകൊള്ളാം.” അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു. ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു. ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു. “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു. അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു. അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. യഹോവ, തന്റെ യാത്ര വിജയകരമാക്കിയോ എന്നു ഗ്രഹിക്കേണ്ടതിന് ആ ദാസൻ ഒന്നും ഉരിയാടാതെ, അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചു. ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരു ബെക്കാ തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തുശേക്കേൽ തൂക്കമുള്ള രണ്ടു സ്വർണവളയും പുറത്തെടുത്തു. “നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാപാർക്കാൻ നിന്റെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ? എന്നോടു ദയവായി പറയുക” അയാൾ പറഞ്ഞു. അവൾ അയാളോട്: “നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാണു ഞാൻ” എന്ന് ഉത്തരം പറഞ്ഞു. “ഞങ്ങളുടെ വീട്ടിൽ ധാരാളം വൈക്കോലും തീറ്റയും ഉണ്ട്, നിങ്ങൾക്കു രാത്രി കഴിച്ചുകൂട്ടാൻ ഇടവും ഉണ്ട്,” അവൾ കൂട്ടിച്ചേർത്തു. അപ്പോൾ അയാൾ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചുകൊണ്ട്, “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ, എന്റെ യജമാനനോടുള്ള അവിടത്തെ ദയയും വിശ്വസ്തതയും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. യഹോവ എന്റെ യാത്രയിൽ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് എന്നെ നയിച്ചല്ലോ!” എന്നു പറഞ്ഞു.
ഉൽപ്പത്തി 24 വായിക്കുക
കേൾക്കുക ഉൽപ്പത്തി 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 24:1-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ