GENESIS 24:1-27

GENESIS 24:1-27 MALCLBSI

അബ്രഹാം വളരെ വൃദ്ധനായി; സർവേശ്വരൻ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു. ഒരു ദിവസം തന്റെ ഭവനത്തിലെ ദാസന്മാരിൽ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വയ്‍ക്കുക. ഞാൻ പാർക്കുന്ന ഈ കനാൻദേശത്തിലെ പെൺകുട്ടികളിൽനിന്നു എന്റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും, എന്റെ ജന്മസ്ഥലത്തുള്ള എന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്നുതന്നെ ഒരു പെൺകുട്ടിയെ എന്റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യണം.” ദാസൻ ചോദിച്ചു: “ഒരുപക്ഷേ, പെൺകുട്ടി സ്വന്തം വീടുവിട്ട് എന്റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാൽ ഞാൻ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാൻ കൊണ്ടുപോകണമോ?” അബ്രഹാം പറഞ്ഞു: “എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാൽ ആ പെൺകുട്ടി നിന്റെകൂടെ പോരാൻ വിസമ്മതിച്ചാൽ എന്നോടു ചെയ്ത ഈ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.” ദാസൻ തന്റെ യജമാനനായ അബ്രഹാമിന്റെ തുടയുടെ കീഴിൽ കൈവച്ച് അപ്രകാരം പ്രവർത്തിക്കാമെന്നു സത്യം ചെയ്തു. ആ ദാസൻ യജമാനന്റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിലേക്കു യാത്രയായി. അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിർത്തി. വൈകുന്നേരം സ്‍ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്. അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. പട്ടണത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്ന നീരുറവയുടെ അടുക്കൽ ഞാൻ നില്‌ക്കുകയാണല്ലോ, ‘എനിക്കു വെള്ളം കുടിക്കാൻ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരിൽ ആരോടെങ്കിലും ചോദിക്കുമ്പോൾ, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങൾക്കുകൂടി ഞാൻ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെൺകുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാൽ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കും.” അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. അപ്പോഴെല്ലാം അയാൾ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്റെ ദൗത്യം സർവേശ്വരൻ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാൾ നിശ്ശബ്ദനായിരുന്നു. ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു: “നീ ആരുടെ പുത്രിയാണ്? ഞങ്ങൾക്ക് ഇന്നു രാപാർക്കാൻ നിന്റെ വീട്ടിൽ ഇടമുണ്ടോ?” അവൾ പറഞ്ഞു: “ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്. ഞങ്ങളുടെ വീട്ടിൽ, മൃഗങ്ങൾക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങൾക്കു രാപാർക്കുകയും ചെയ്യാം.” അയാൾ തലകുനിച്ചു സർവേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് എന്റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്റെ യജമാനന്റെ ചാർച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.”

GENESIS 24 വായിക്കുക

GENESIS 24:1-27 - നുള്ള വീഡിയോ