ഉൽപത്തി 17:1-14

ഉൽപത്തി 17:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി. നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വില കൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. അഗ്രചർമിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

ഉൽപത്തി 17:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാൻ സർവശക്തനായ ദൈവമാകുന്നു. നീ എന്റെ സാന്നിധ്യത്തിൽ ജീവിച്ച് കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാൻ നല്‌കും.” അപ്പോൾ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും. നിന്റെ പേര് ഇനിമേൽ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാൽ നിന്റെ പേര് ഇനി അബ്രഹാം എന്നായിരിക്കും. ഞാൻ നിന്നെ സന്താനപുഷ്‍ടി ഉള്ളവനാക്കും. അനേകം ജനതകൾ നിന്നിൽനിന്നുണ്ടാകും. അവരിൽനിന്നു രാജാക്കന്മാരും ഉയർന്നുവരും. ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിർത്തും. നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാൻ ദൈവമായിരിക്കും. ഞാൻ നിനക്കും അവർക്കും നീ ഇപ്പോൾ വന്നുപാർക്കുന്ന കനാൻദേശം മുഴുവൻ സ്ഥിരാവകാശമായി നല്‌കും. ഞാൻ അവരുടെ ദൈവവുമായിരിക്കും.” ദൈവം അബ്രഹാമിനോടു വീണ്ടും അരുളിച്ചെയ്തു: “നീയും നിന്റെ ഭാവിതലമുറകളും ഈ ഉടമ്പടി പാലിക്കണം. നീയും നിന്റെ സന്താനപരമ്പരകളും അനുസരിക്കേണ്ട ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏല്‌ക്കണം. ഈ അഗ്രചർമഛേദനം നാം തമ്മിലുള്ള ഉടമ്പടിയുടെ അടയാളം ആയിരിക്കും. നിന്റെ ഭവനത്തിൽ ജനിച്ചവനെന്നോ അന്യനിൽനിന്നു വിലയ്‍ക്കു വാങ്ങിയവനെന്നോ ഉള്ള ഭേദം കൂടാതെ നിങ്ങളുടെ പുരുഷസന്താനങ്ങളെല്ലാം എട്ടാം ദിവസം പരിച്ഛേദനം ഏല്‌ക്കണം. ഭവനത്തിൽ ജനിച്ചവനും നീ വിലയ്‍ക്കുവാങ്ങിയവനും പരിച്ഛേദനം ഏറ്റേ തീരൂ. അങ്ങനെ എന്റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തിൽ ശാശ്വതമായ ഒരു അടയാളമായിരിക്കും. നിങ്ങളിൽ ആരെങ്കിലും പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാൽ അയാളെ ഉടമ്പടി ലംഘനത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നു പുറത്താക്കണം.”

ഉൽപത്തി 17:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്‍റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്‍റെ പേർ അബ്രാഹാം എന്നായിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും. ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ ഉടമ്പടിയെ നിത്യ ഉടമ്പടിയായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.” ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ ഉടമ്പടി പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്‍റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏല്ക്കേണം. നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള ഉടമ്പടിയുടെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏല്ക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യേണം. നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്‍റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം. അഗ്രചർമ്മിയായ പുരുഷന്‍ പരിച്ഛേദന ഏല്ക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെ ഛേദിച്ചുകളയേണം; അവൻ എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

ഉൽപത്തി 17:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി. നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

ഉൽപത്തി 17:1-14 സമകാലിക മലയാളവിവർത്തനം (MCV)

അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു, “നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും. ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.” ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”