അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്‍റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്‍റെ പേർ അബ്രാഹാം എന്നായിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും. ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ ഉടമ്പടിയെ നിത്യ ഉടമ്പടിയായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.” ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തത്: “നീയും നിന്‍റെ ശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ ഉടമ്പടി പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്‍റെ ഉടമ്പടി ഇതാകുന്നു: നിങ്ങളുടെ ഇടയിലുള്ള ആൺകുഞ്ഞുങ്ങളൊക്കെയും പരിച്ഛേദന ഏല്ക്കേണം. നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും ഇടയിലുള്ള ഉടമ്പടിയുടെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളുടെ ആൺകുഞ്ഞുങ്ങളെല്ലാം എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏല്ക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോട് വിലയ്ക്കു വാങ്ങിയവനായാലും അങ്ങനെ ചെയ്യേണം. നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ മതിയാവൂ; എന്‍റെ ഉടമ്പടി നിങ്ങളുടെ ദേഹത്തിൽ ഒരു നിത്യഉടമ്പടിയായിരിക്കേണം. അഗ്രചർമ്മിയായ പുരുഷന്‍ പരിച്ഛേദന ഏല്ക്കാതിരുന്നാൽ ജനത്തിൽനിന്ന് ആ വ്യക്തിയെ ഛേദിച്ചുകളയേണം; അവൻ എന്‍റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
ഉല്പ. 17 വായിക്കുക
കേൾക്കുക ഉല്പ. 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉല്പ. 17:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ