ഉൽപ്പത്തി 17:1-14

ഉൽപ്പത്തി 17:1-14 MCV

അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു, “നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും. ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.” ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

ഉൽപ്പത്തി 17:1-14 - നുള്ള വീഡിയോ