ഉൽപത്തി 10:6-20

ഉൽപത്തി 10:6-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. ആ ദേശത്തുനിന്ന് അശ്ശൂർ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസൻ എന്നിവ പണിതു. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യർ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.

ഉൽപത്തി 10:6-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്ത്, പൂത്, കനാൻ എന്നിവരായിരുന്നു. കൂശിന്റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവർ. രാമായുടെ പുത്രന്മാർ ശെബയും ദെദാനും. കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീർന്നു. സർവേശ്വരന്റെ ഹിതത്താൽ അവൻ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സർവേശ്വരന്റെ സന്നിധിയിൽ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരൻ” എന്നൊരു ചൊല്ല് അവരുടെ ഇടയിൽ ഉണ്ടായി. ആരംഭത്തിൽ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോൺ, എരെക്, അക്കാദ്, കൽനേ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു. അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വൻനഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെൻ എന്നീ പട്ടണങ്ങൾ അയാൾ സ്ഥാപിച്ചു. ഈജിപ്തിന്റെ പിൻതലമുറക്കാരായിരുന്നു ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്സലൂഹീം, കഫ്തോരീം എന്നീ ജനതകൾ. കസ്സലൂഹീമിൽനിന്നാണ് ഫെലിസ്ത്യർ ഉദ്ഭവിച്ചത്. കനാന്റെ ആദ്യസന്തതിയായിരുന്നു സീദോൻ. പിന്നീട് ഹേത്ത് ജനിച്ചു. യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർക്ക്യർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ എന്നിവരുടെ പൂർവപിതാവായിരുന്നു കനാൻ. കനാന്യർ കുലങ്ങളായി വിവിധ പ്രദേശങ്ങളിൽ കുടിയേറിപാർത്തു. അവരുടെ രാജ്യം സീദോൻ തുടങ്ങി ഗെരാർ വഴി ഗസ വരെയും, സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം വഴി ലാശ വരെയും വ്യാപിച്ചു. വിവിധ കുലങ്ങളായി അവരവരുടെ ദേശത്തു സ്വന്തം ഭാഷകൾ സംസാരിച്ചുകൊണ്ട് അവർ ജീവിച്ചു. ഇവരായിരുന്നു ഹാമിന്റെ പിൻമുറക്കാർ.

ഉൽപത്തി 10:6-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി. ആരംഭത്തിൽ അവന്‍റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബോത്ത്-ഇർ, കാലഹ്, നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു. കനാൻ തന്‍റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു. അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്‍റെ പുത്രന്മാർ.

ഉൽപത്തി 10:6-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, യെബൂസ്യൻ, അമോര്യൻ, ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.

ഉൽപത്തി 10:6-20 സമകാലിക മലയാളവിവർത്തനം (MCV)

ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ. കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ. കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്. അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു. അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു. ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു. കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ, യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർഖ്യർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ. പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു. ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.