GENESIS 10

10
നോഹയുടെ പിൻമുറക്കാർ
1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.
2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ് എന്നിവരായിരുന്നു. 3ഗോമെറിന്റെ പുത്രന്മാർ: അശ്കെനാസ്, രീഫത്ത്, തോഗർമ്മാ എന്നിവർ. 4യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം എന്നിവർ. 5ഇവരിൽനിന്ന് തീരദേശജനതകൾ പെരുകി. യാഫെത്തിന്റെ പിന്മുറക്കാരായ ഇവർ കുലങ്ങളായി പിരിഞ്ഞ് അവരവരുടെ ഭാഷ സംസാരിച്ചുകൊണ്ട് അവരവരുടെ ദേശങ്ങളിൽ വസിച്ചു.
6ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്ത്, പൂത്, കനാൻ എന്നിവരായിരുന്നു. 7കൂശിന്റെ പുത്രന്മാരാണ് സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക എന്നിവർ. രാമായുടെ പുത്രന്മാർ ശെബയും ദെദാനും. 8കൂശിന്റെ പുത്രനായിരുന്നു നിമ്രോദ്. അവൻ ഭൂമിയിലെ ആദ്യത്തെ യുദ്ധവീരനായിത്തീർന്നു. 9സർവേശ്വരന്റെ ഹിതത്താൽ അവൻ ശക്തനായ ഒരു നായാട്ടുകാരനും ആയിരുന്നു. അതുകൊണ്ട് “സർവേശ്വരന്റെ സന്നിധിയിൽ നിമ്രോദിനെപ്പോലെ ശക്തനായ ഒരു നായാട്ടുകാരൻ” എന്നൊരു ചൊല്ല് അവരുടെ ഇടയിൽ ഉണ്ടായി. 10ആരംഭത്തിൽ അയാളുടെ രാജ്യം ഷിനാറിലുള്ള ബാബിലോൺ, എരെക്, അക്കാദ്, കൽനേ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു. 11-12അവിടെനിന്ന് അസ്സീറിയയിലേക്ക് കടന്നു, നിനെവേ, രെഹോബേത്ത്, കാലഹ്, നിനെവേക്കും വൻനഗരമായ കാലഹിനും ഇടയ്‍ക്കുള്ള രേസെൻ എന്നീ പട്ടണങ്ങൾ അയാൾ സ്ഥാപിച്ചു. 13ഈജിപ്തിന്റെ പിൻതലമുറക്കാരായിരുന്നു ലുദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്സലൂഹീം, 14കഫ്തോരീം എന്നീ ജനതകൾ. കസ്സലൂഹീമിൽനിന്നാണ് ഫെലിസ്ത്യർ ഉദ്ഭവിച്ചത്.
15കനാന്റെ ആദ്യസന്തതിയായിരുന്നു സീദോൻ. 16പിന്നീട് ഹേത്ത് ജനിച്ചു. 17യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർക്ക്യർ, 18സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ എന്നിവരുടെ പൂർവപിതാവായിരുന്നു കനാൻ. കനാന്യർ കുലങ്ങളായി വിവിധ പ്രദേശങ്ങളിൽ കുടിയേറിപാർത്തു. 19അവരുടെ രാജ്യം സീദോൻ തുടങ്ങി ഗെരാർ വഴി ഗസ വരെയും, സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം വഴി ലാശ വരെയും വ്യാപിച്ചു. 20വിവിധ കുലങ്ങളായി അവരവരുടെ ദേശത്തു സ്വന്തം ഭാഷകൾ സംസാരിച്ചുകൊണ്ട് അവർ ജീവിച്ചു. ഇവരായിരുന്നു ഹാമിന്റെ പിൻമുറക്കാർ.
21യാഫെത്തിന്റെ ജ്യേഷ്ഠസഹോദരനായ ശേമിനും പുത്രന്മാർ ഉണ്ടായി. ശേം, ഏബെർവംശജരുടെ പൂർവപിതാവാണ്. 22ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം എന്നിവരും ശേമിന്റെ പുത്രന്മാരായിരുന്നു. 23അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ് എന്നിവർ. 24അർപ്പക്ഷാദിന്റെ പുത്രനായിരുന്നു ശാലഹ്. ഏബെർ, ശാലഹിന്റെ പുത്രനും. 25ഏബെറിനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു പെലെഗ്. അയാളുടെ കാലത്ത് ഭൂവാസികൾ പലതായി പിരിഞ്ഞു. 26അയാളുടെ സഹോദരൻ യൊക്താൻ. അല്മോദാദ്, ശേലഹ്, ഹസർമാവേത്ത്, 27യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, 28-29ഓബാൽ, അബീമയേൽ, ശെബ, ഓഫീർ, ഹവീലാ, യോബാബ് എന്നിവർ യൊക്താന്റെ പുത്രന്മാരായിരുന്നു. 30അവർ വസിച്ചിരുന്ന സ്ഥലം മേശാ മുതൽ കിഴക്കുള്ള കുന്നിൻപ്രദേശമായ ശേഫാർ വരെ വ്യാപിച്ചിരുന്നു. 31അവരവരുടെ ദേശത്ത് വിവിധ കുലങ്ങളായി വിവിധ സ്ഥലങ്ങളിൽ, വിവിധ ഭാഷകൾ സംസാരിച്ചു ജീവിച്ച ശേമിന്റെ പുത്രന്മാർ ഇവരായിരുന്നു.
32നോഹയുടെ പുത്രന്മാർ വിവിധ ദേശങ്ങളിൽ പാർത്തിരുന്നു. അവരുടെ വംശപാരമ്പര്യം ഇതാണ്. ജലപ്രളയത്തിനുശേഷം ഇവരിൽനിന്നാണ് ഭൂമിയിലെ വിവിധ ദേശങ്ങളിൽ ജനതകൾ വ്യാപിച്ചത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

GENESIS 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക