ഗലാത്യർ 3:1-14
ഗലാത്യർ 3:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പിൽ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നത്? ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികിൽ, എന്നാൽ നിങ്ങൾക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്ന് അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ട്: “നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനില്ക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ.
ഗലാത്യർ 3:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്റെ കുരിശിലെ മരണം നിങ്ങളുടെ കൺമുമ്പിൽ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്? ഒരു കാര്യം എന്നോടു പറയുക: നിങ്ങൾക്കു ദൈവത്തിന്റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ? നിങ്ങൾ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവിൽ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കർമാനുഷ്ഠാനങ്ങളിൽ ഇപ്പോൾ അവസാനിപ്പിക്കുന്നുവോ? നിങ്ങൾ സഹിച്ച പീഡനങ്ങളെല്ലാം തീർത്തും വ്യർഥമായി എന്നോ? നിശ്ചയമായും അവ വ്യർഥമല്ലല്ലോ. ദൈവം നിങ്ങൾക്ക് ആത്മാവിനെ നല്കുകയും നിങ്ങളുടെ ഇടയിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങൾ നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ? അബ്രഹാമിന്റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. അതിനാൽ വിശ്വാസമുള്ളവരാണ് അബ്രഹാമിന്റെ യഥാർഥ സന്താനങ്ങൾ എന്നു നിങ്ങൾ മനസ്സിലാക്കണം. വിശ്വാസത്താൽ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നിൽക്കൂടി മാനവവംശം മുഴുവൻ അനുഗ്രഹിക്കപ്പെടും” എന്ന സദ്വാർത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു. അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും. നിയമം അനുശാസിക്കുന്ന കർമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവൻ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. അതിനാൽ നിയമസംഹിത മുഖേന ആരും ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാൽ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവൻ ജീവിക്കും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. എന്നാൽ ‘നിയമം വിശ്വാസത്തിൽ അധിഷ്ഠിതമല്ല; ധർമശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവർ അവയാൽ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ. എന്നാൽ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നതുകൊണ്ട്, നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തിൽ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്. അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിജാതീയർക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു.
ഗലാത്യർ 3:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ ക്ഷുദ്രംചെയ്ത് മയക്കിയത് ആർ? യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരച്ചുകിട്ടിയിട്ടില്ലേ? ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽനിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? നിങ്ങൾ ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്തിലോ അവസാനിപ്പിക്കുന്നത്? അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? അതുകൊണ്ട് നിങ്ങൾക്ക് തന്റെ ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്ന ദൈവം ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്താലുള്ള കേൾവിയാലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രാഹാമിന്റെ സന്തതികള് എന്നു അറിയുവിൻ. ദൈവം വിശ്വാസംമൂലം ജനതകളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നപ്പോൾ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് അവൻ നമ്മെ വീണ്ടെടുത്തു. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു തിരുവെഴുത്തില് എഴുതിയിരിക്കുന്നുവല്ലോ. അബ്രാഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജനതകൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ.
ഗലാത്യർ 3:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? വെറുതെ അത്രേ എന്നു വരികിൽ. എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു, ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
ഗലാത്യർ 3:1-14 സമകാലിക മലയാളവിവർത്തനം (MCV)
അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്? നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്? നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ? അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.” വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം. വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു. അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.” ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.” ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.” “മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ” എന്ന ലിഖിതം അനുസരിച്ച്, ക്രിസ്തു മരത്തിൽത്തൂങ്ങി നമുക്കുവേണ്ടി ശാപമായിത്തീർന്ന് ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തു. ഈ വീണ്ടെടുപ്പ്, അബ്രാഹാമിനു ദൈവം നൽകിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ യെഹൂദേതരർക്കും വന്നുചേർന്നിട്ട്, വാഗ്ദാനം ചെയ്യപ്പെട്ട ദൈവാത്മാവ് വിശ്വാസംമുഖേന നമുക്കും ലഭ്യമാകേണ്ടതിനാണ്.