ഗലാ. 3:1-14

ഗലാ. 3:1-14 IRVMAL

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ ക്ഷുദ്രംചെയ്ത് മയക്കിയത് ആർ? യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരച്ചുകിട്ടിയിട്ടില്ലേ? ഞാൻ ഇതൊന്നു മാത്രം നിങ്ങളിൽനിന്ന് ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ അതോ നിങ്ങൾ കേട്ടത് വിശ്വസിച്ചതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? നിങ്ങൾ ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ജഡത്തിലോ അവസാനിപ്പിക്കുന്നത്? അതെല്ലാം വെറുതെ അത്രേ എന്നു വരികിൽ ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ? അതുകൊണ്ട് നിങ്ങൾക്ക് തന്‍റെ ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്ന ദൈവം ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്താലുള്ള കേൾവിയാലോ അങ്ങനെ ചെയ്യുന്നത്? അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ട്, വിശ്വസിക്കുന്നവർ അത്രേ അബ്രാഹാമിന്‍റെ സന്തതികള്‍ എന്നു അറിയുവിൻ. ദൈവം വിശ്വാസംമൂലം ജനതകളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകണ്ടിട്ട്: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ന്യായപ്രമാണത്താൽ ദൈവം ആരെയും നീതീകരിക്കുന്നില്ല എന്നത് വ്യക്തം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളത്. ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നപ്പോൾ ന്യായപ്രമാണത്തിന്‍റെ ശാപത്തിൽനിന്ന് അവൻ നമ്മെ വീണ്ടെടുത്തു. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അബ്രാഹാമിന്മേലുള്ള അനുഗ്രഹം ക്രിസ്തുയേശുവിൽ ജനതകൾക്ക് വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തം വിശ്വാസത്താൽ പ്രാപിക്കുവാൻ തന്നെ.