ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്റെ കുരിശിലെ മരണം നിങ്ങളുടെ കൺമുമ്പിൽ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്? ഒരു കാര്യം എന്നോടു പറയുക: നിങ്ങൾക്കു ദൈവത്തിന്റെ ആത്മാവു ലഭിച്ചത് നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിച്ചതുകൊണ്ടാണോ, അതോ സുവിശേഷം കേട്ടു വിശ്വസിച്ചതുകൊണ്ടാണോ? നിങ്ങൾ ഇത്ര ബുദ്ധിഹീനരോ! ദൈവാത്മാവിൽ ആരംഭിച്ചിട്ട്, നിങ്ങളുടെ ശാരീരികമായ കർമാനുഷ്ഠാനങ്ങളിൽ ഇപ്പോൾ അവസാനിപ്പിക്കുന്നുവോ? നിങ്ങൾ സഹിച്ച പീഡനങ്ങളെല്ലാം തീർത്തും വ്യർഥമായി എന്നോ? നിശ്ചയമായും അവ വ്യർഥമല്ലല്ലോ. ദൈവം നിങ്ങൾക്ക് ആത്മാവിനെ നല്‌കുകയും നിങ്ങളുടെ ഇടയിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നത് നിങ്ങൾ നിയമം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടോ, അതോ സുവിശേഷം കേട്ടു വിശ്വസിക്കുന്നതുകൊണ്ടോ? അബ്രഹാമിന്റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. അതിനാൽ വിശ്വാസമുള്ളവരാണ് അബ്രഹാമിന്റെ യഥാർഥ സന്താനങ്ങൾ എന്നു നിങ്ങൾ മനസ്സിലാക്കണം. വിശ്വാസത്താൽ വിജാതീയരെ ദൈവം കുറ്റമറ്റവരായി അംഗീകരിക്കുമെന്ന് വേദഗ്രന്ഥത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്: “നിന്നിൽക്കൂടി മാനവവംശം മുഴുവൻ അനുഗ്രഹിക്കപ്പെടും” എന്ന സദ്‍വാർത്ത അബ്രഹാമിനെ നേരത്തെതന്നെ ദൈവം അറിയിച്ചിരുന്നു. അബ്രഹാം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു; അതുപോലെ വിശ്വസിക്കുന്ന എല്ലാവരും വിശ്വാസിയായ അബ്രഹാമിനോടൊപ്പം അനുഗ്രഹിക്കപ്പെടും. നിയമം അനുശാസിക്കുന്ന കർമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവൻ ശാപത്തിന് അധീനനാണ്. “നിയമഗ്രന്ഥത്തിൽ എഴുതിയിട്ടുള്ളതു സമസ്തവും എപ്പോഴും അനുസരിക്കാത്ത ഏതൊരുവനും ശാപത്തിനു വിധേയനാകുന്നു” എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്. അതിനാൽ നിയമസംഹിത മുഖേന ആരും ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവനായി തീരുന്നില്ലെന്നുള്ളതു സ്പഷ്ടമാണ്. എന്തുകൊണ്ടെന്നാൽ ‘വിശ്വാസംമൂലം ദൈവസമക്ഷം കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നവൻ ജീവിക്കും’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. എന്നാൽ ‘നിയമം വിശ്വാസത്തിൽ അധിഷ്ഠിതമല്ല; ധർമശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവർ അവയാൽ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ. എന്നാൽ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നതുകൊണ്ട്, നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തിരിക്കുന്നു. ‘മരത്തിൽ തൂക്കപ്പെടുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്. അതുകൊണ്ട്, അബ്രഹാമിനോടു ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹം യേശുക്രിസ്തുവിനോടുള്ള ഐക്യത്തിൽ വിജാതീയർക്കു ലഭിക്കുകയും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ആത്മാവിനെ വിശ്വാസത്തിലൂടെ നാം പ്രാപിക്കുകയും ചെയ്യുന്നു.
GALATIA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GALATIA 3:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ