യെഹെസ്കേൽ 32:2-10
യെഹെസ്കേൽ 32:2-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും. ഞാൻ നിന്നെ കരയ്ക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവയൊക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി; സർവഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും. ഞാൻ നിന്റെ മാംസത്തെ പർവതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്‌വരകളെ നിറയ്ക്കും. ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനയ്ക്കും; നീർച്ചാലുകൾ നിന്നാൽ നിറയും. നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയൊക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറയ്ക്കും.
യെഹെസ്കേൽ 32:2-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയിൽ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാൽ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികൾ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജനതകളുമായി വന്നു നിന്റെമേൽ എന്റെ വലവീശും. അവർ നിന്നെ കരയ്‍ക്ക് വലിച്ചു കയറ്റും. ഞാൻ എന്റെ വലയിൽ നിന്നെ കരയ്‍ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാൻ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകൾക്കും വന്യമൃഗങ്ങൾക്കും നീ ഇരയായിത്തീരും. നിന്റെ മാംസം ഞാൻ പർവതങ്ങളിൽ വിതറും. താഴ്‌വരകൾ അതുകൊണ്ടു നിറയ്‍ക്കും. നിന്റെ രക്തം ഒഴുകി പർവതങ്ങൾവരെയുള്ള ഭൂമി കുതിർക്കും. അതുകൊണ്ടു നീർച്ചാലുകൾ നിറയും. ഞാൻ നിന്നെ ഇല്ലായ്മ ചെയ്യുമ്പോൾ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും. ചന്ദ്രൻ നിഷ്പ്രഭമാകും. നിന്റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാൻ അന്ധകാരമയമാക്കും. നിന്റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയ ജനതകളുടെ ഇടയിൽ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോൾ പല ജനതകളും അസ്വസ്ഥരാകും. നിന്നെ നോക്കി അനേകം ജനതകൾ സ്തബ്ധരാകും; അവർ കാൺകെ ഞാൻ വാൾ വീശുമ്പോൾ അവരുടെ രാജാക്കന്മാർ നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓർത്ത് അനുനിമിഷം വിറയ്‍ക്കും.
യെഹെസ്കേൽ 32:2-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ടു വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്‍റെമേൽ എന്‍റെ വല വീശിക്കും; എന്‍റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും; ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്‍റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും. ഞാൻ നിന്റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്‍റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും. ഞാൻ കരകളെല്ലാം നിന്‍റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും. നിന്‍റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്‍റെ നിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്‍റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്തു നിമിഷംതോറും വിറയ്ക്കും.”
യെഹെസ്കേൽ 32:2-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു. യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും; ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സർവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും. ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്‌വരകളെ നിറെക്കും. ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീർച്ചാലുകൾ നിന്നാൽ നിറയും. നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓർത്തു മാത്രതോറും വിറെക്കും.
യെഹെസ്കേൽ 32:2-10 സമകാലിക മലയാളവിവർത്തനം (MCV)
“മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “ ‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും. ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും. ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും. ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും. നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല. ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും. ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും.