യെഹെസ്കേൽ 32:2-10

യെഹെസ്കേൽ 32:2-10 MCV

“മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “ ‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു. “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും. ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും. ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും. ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും. നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല. ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്. രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും. ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും.