യെഹെ. 32:2-10

യെഹെ. 32:2-10 IRVMAL

“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽ കൊണ്ടു വെള്ളം കലക്കി നദികളെ മലിനമാക്കിക്കളഞ്ഞു.’ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് നിന്‍റെമേൽ എന്‍റെ വല വീശിക്കും; എന്‍റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും; ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവകളെയെല്ലാം നിന്‍റെമേൽ ഇരിക്കുമാറാക്കും; സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, അവയ്ക്ക് തൃപ്തി വരുത്തും. ഞാൻ നിന്‍റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, നിന്‍റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും. ഞാൻ കരകളെല്ലാം നിന്‍റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും. നിന്‍റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം നിന്‍റെ നിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, നിന്‍റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. നിന്‍റെ നാശം ജനതകളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്‍റെ വാൾ വീശുമ്പോൾ, അവർ നിന്‍റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്‍റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും അവരവരുടെ പ്രാണനെ ഓർത്തു നിമിഷംതോറും വിറയ്ക്കും.”