യെഹെസ്കേൽ 28:1-10

യെഹെസ്കേൽ 28:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ, ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല; നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു; നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവിച്ചുമിരിക്കുന്നു- അതുകൊണ്ടുതന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരേ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും. നിന്നെ കുത്തിക്കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ? അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചർമികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ 28:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിലെ രാജാവിനോട് സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക: നിന്റെ ഹൃദയം അഹങ്കാരത്തിമർപ്പുകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ ഞാൻ ദേവനാണ്, സമുദ്രത്തിന്റെ ഹൃദയഭാഗത്ത് ദേവന്മാരുടെ സിംഹാസനത്തിൽ ഞാൻ ഇരിക്കുന്നു എന്നു നീ പറയുന്നു. ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നെങ്കിലും നീ ദൈവമല്ല, വെറും ഒരു മനുഷ്യൻ. ദാനിയേലിനെക്കാൾ നീ ബുദ്ധിമാനാണോ? ഒരു രഹസ്യവും നിന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ലെന്നോ? നിന്റെ ജ്ഞാനവും ബുദ്ധിയുംകൊണ്ടു നീ ധനം സമ്പാദിച്ചു; സ്വർണവും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ നിറച്ചു. വാണിജ്യകാര്യത്തിൽ നിനക്കുള്ള ജ്ഞാനംമൂലം നീ സമ്പത്തു വർധിപ്പിച്ചു. ധനസമൃദ്ധിയിൽ നീ അഹങ്കരിച്ചു.” അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു നീ സ്വയം കരുതുക നിമിത്തം, നിഷ്ഠുരന്മാരായ ജനതകളെ ഇതാ, ഞാൻ നിനക്കെതിരെ കൊണ്ടുവരുന്നു. നിന്റെ ജ്ഞാനവും ബുദ്ധിസാമർഥ്യവുംകൊണ്ടു നേടിയ മനോഹരമായ എല്ലാറ്റിനെയും അവർ നശിപ്പിക്കും. നിന്റെ പ്രതാപം കെടുത്തും. അവർ നിന്നെ അധോലോകത്തിൽ തള്ളിയിടും; നീ വധിക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ നിപതിക്കും. നിന്നെ കൊല്ലുന്നവരുടെ മുമ്പിൽവച്ച് ‘ഞാൻ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പിൽ നീ ദേവനല്ല വെറും ഒരു മനുഷ്യൻ. വിദേശികളുടെ കരങ്ങളാൽ പരിച്ഛേദനം ഏല്‌ക്കാത്തവനെപ്പോലെ നീ മരിക്കും.” ഞാനാണ് ഇതു പറയുന്നത് എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”

യെഹെസ്കേൽ 28:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: “മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്നു പറഞ്ഞു. നീ ദൈവഭാവം നടിച്ചതുകൊണ്ട് - നീ ദാനീയേലിലും ജ്ഞാനിയോ? നീ അറിയാത്തവിധം മറച്ചുവയ്ക്കാകുന്ന ഒരു രഹസ്യവുമില്ലയോ? നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ച് പൊന്നും വെള്ളിയും നിന്‍റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു; നീ മഹാജ്ഞാനംകൊണ്ട് കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്‍റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു” അതുകൊണ്ട് തന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദൈവഭാവം നടിക്കുകയാൽ ഞാൻ ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെനേരെ വരുത്തും; അവർ നിന്‍റെ ജ്ഞാനത്തിന്‍റെ മനോഹാരിതയ്ക്കു നേരെ വാളൂരി നിന്‍റെ പ്രഭയെ അശുദ്ധമാക്കും. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യത്തിൽ നിഹതന്മാരെപ്പോലെ മരിക്കും. നിന്നെ കൊല്ലുന്നവൻ്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കുമ്പോൾ, നിന്നെ കൊല്ലുന്നവൻ്റെ മുമ്പിൽ: ‘ഞാൻ ദൈവം’ എന്നു നീ പറയുമോ? അന്യദേശക്കാരുടെ കൈകൊണ്ട് നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അത് കല്പിച്ചിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

യെഹെസ്കേൽ 28:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. നീ ദൈവഭാവം നടിച്ചതുകൊണ്ടു - നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല; നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചു; നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു - അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും. നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ? അന്യജാതിക്കാരുടെ കയ്യാൽ നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 28:1-10 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ, “ഞാൻ ദൈവമാകുന്നു; സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും, നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ. നീ ദാനീയേലിനെക്കാളും ജ്ഞാനിയോ? ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ? നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം നീ നിന്റെ സമ്പത്തു വർധിപ്പിച്ചു; നിന്റെ സമ്പത്തുനിമിത്തം നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു. “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ ജ്ഞാനിയെന്നു കരുതുന്നതുമൂലവും, ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ നിങ്ങൾക്കെതിരേ വരുത്തും; അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച് നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും. അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും, സമുദ്രമധ്യേയുള്ള നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും. അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ? നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും. വിദേശീയരുടെ കൈകളാൽ നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും. ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”