യെഹെസ്കേൽ 28:1-10

യെഹെസ്കേൽ 28:1-10 MALOVBSI

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യൻ മാത്രമായിരിക്കെ, ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു. നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല; നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു; നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവിച്ചുമിരിക്കുന്നു- അതുകൊണ്ടുതന്നെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരേ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും. അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും. നിന്നെ കുത്തിക്കൊല്ലുന്നവന്റെ കൈയിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ? അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചർമികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.