EZEKIELA 28

28
സോർരാജാവിനെതിരെ പ്രവചനം
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, സോരിലെ രാജാവിനോട് സർവേശ്വരൻ അരുളിച്ചെയ്യുന്നു എന്നു പറയുക: നിന്റെ ഹൃദയം അഹങ്കാരത്തിമർപ്പുകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ ഞാൻ ദേവനാണ്, സമുദ്രത്തിന്റെ ഹൃദയഭാഗത്ത് ദേവന്മാരുടെ സിംഹാസനത്തിൽ ഞാൻ ഇരിക്കുന്നു എന്നു നീ പറയുന്നു. 3ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു സ്വയം ഭാവിക്കുന്നെങ്കിലും നീ ദൈവമല്ല, വെറും ഒരു മനുഷ്യൻ. ദാനിയേലിനെക്കാൾ നീ ബുദ്ധിമാനാണോ? ഒരു രഹസ്യവും നിന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ലെന്നോ? 4നിന്റെ ജ്ഞാനവും ബുദ്ധിയുംകൊണ്ടു നീ ധനം സമ്പാദിച്ചു; സ്വർണവും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ നിറച്ചു. 5വാണിജ്യകാര്യത്തിൽ നിനക്കുള്ള ജ്ഞാനംമൂലം നീ സമ്പത്തു വർധിപ്പിച്ചു. 6ധനസമൃദ്ധിയിൽ നീ അഹങ്കരിച്ചു.” അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: 7“ദൈവത്തെപ്പോലെ ജ്ഞാനിയാണെന്നു നീ സ്വയം കരുതുക നിമിത്തം, നിഷ്ഠുരന്മാരായ ജനതകളെ ഇതാ, ഞാൻ നിനക്കെതിരെ കൊണ്ടുവരുന്നു. നിന്റെ ജ്ഞാനവും ബുദ്ധിസാമർഥ്യവുംകൊണ്ടു നേടിയ മനോഹരമായ എല്ലാറ്റിനെയും അവർ നശിപ്പിക്കും. നിന്റെ പ്രതാപം കെടുത്തും. 8അവർ നിന്നെ അധോലോകത്തിൽ തള്ളിയിടും; നീ വധിക്കപ്പെട്ട് ആഴിയുടെ അടിത്തട്ടിൽ നിപതിക്കും. 9നിന്നെ കൊല്ലുന്നവരുടെ മുമ്പിൽവച്ച് ‘ഞാൻ ദേവനാകുന്നു’ എന്ന് ഇനിയും നീ പറയുമോ? നിന്നെ വധിക്കുന്നവരുടെ മുമ്പിൽ നീ ദേവനല്ല വെറും ഒരു മനുഷ്യൻ. 10വിദേശികളുടെ കരങ്ങളാൽ പരിച്ഛേദനം ഏല്‌ക്കാത്തവനെപ്പോലെ നീ മരിക്കും.” ഞാനാണ് ഇതു പറയുന്നത് എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
സോർരാജാവിന്റെ പതനം
11വീണ്ടും സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 12‘മനുഷ്യപുത്രാ, സോരിലെ രാജാവിനെക്കുറിച്ച് ഒരു വിലാപഗാനം ആലപിക്കുക. സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്ന് അവനോടു പറയണം. നീ സമ്പൂർണതയ്‍ക്കൊരു ദൃഷ്ടാന്തം ആയിരുന്നു. തികവുറ്റ ജ്ഞാനവും സമ്പൂർണ സൗന്ദര്യവും നിനക്കുണ്ടായിരുന്നു. 13നീ ദൈവത്തിന്റെ തോട്ടമായ ഏദനിൽ ആയിരുന്നു. മാണിക്യം, പുഷ്യരാഗം, സൂര്യകാന്തം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം, ഇന്ദ്രനീലം, വൈഡൂര്യം, മരതകം എന്നീ വിശിഷ്ട രത്നങ്ങൾ നിന്നെ പൊതിഞ്ഞിരുന്നു. സ്വർണംകൊണ്ടു നിർമിച്ചവയായിരുന്നു നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും. നീ സൃഷ്‍ടിക്കപ്പെട്ട ദിവസംതന്നെ അവയും നിനക്കുവേണ്ടി ഒരുക്കിയിരുന്നു. 14നിന്റെ സംരക്ഷണത്തിനായി ഒരു കെരൂബിനെ ഞാൻ നിയോഗിച്ചു. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിലായിരുന്നു. തീപോലെ ശോഭിക്കുന്ന രത്നങ്ങളുടെ നടുവിലൂടെ നീ നടന്നു. 15സൃഷ്‍ടിക്കപ്പെട്ട ദിവസംമുതൽ നീ അകൃത്യം ചെയ്ത നിമിഷംവരെ നീ കുറ്റമറ്റവനായിരുന്നു. 16നിന്റെ വാണിജ്യം വർധിച്ചപ്പോൾ നിന്നിൽ അക്രമം പെരുകി; നീ പാപം ചെയ്തു. തന്മൂലം ദൈവത്തിന്റെ പർവതത്തിൽനിന്ന് ഒരു മലിനവസ്തു എന്നപോലെ നിന്നെ ഞാൻ എറിഞ്ഞുകളഞ്ഞു. തീപോലെ തിളങ്ങുന്ന രത്നങ്ങൾക്കിടയിൽനിന്ന് നിന്റെ സംരക്ഷകനായ കെരൂബ് നിന്നെ പുറത്താക്കി. 17നിന്റെ സൗന്ദര്യത്തിൽ നീ അഹങ്കരിച്ചു. പ്രതാപത്തിനുവേണ്ടി നിന്റെ വിജ്ഞാനത്തെ നീ ദുർവിനിയോഗം ചെയ്തു. ഞാൻ നിന്നെ നിലത്തെറിഞ്ഞുകളഞ്ഞു. ഞാൻ നിന്നെ രാജാക്കന്മാർക്ക് ഒരു മുന്നറിയിപ്പാക്കി. 18നിന്റെ അധർമങ്ങളുടെ ബാഹുല്യത്താലും നിന്റെ വ്യാപാരത്തിലെ അനീതിയാലും നീ വിശുദ്ധസ്ഥലങ്ങളെ അശുദ്ധമാക്കി. നിന്റെ മധ്യത്തിൽനിന്നുതന്നെ ഞാൻ അഗ്നി പുറപ്പെടുവിച്ചു. അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ കണ്ടിട്ടുള്ളവരുടെയെല്ലാം കൺമുമ്പിൽവച്ചു ഞാൻ നിന്നെ ഭസ്മമാക്കി. 19ജനതകളുടെ ഇടയിൽ നിന്നെ അറിയുന്നവരെല്ലാം നിന്നെ കണ്ട് അമ്പരക്കും. ഭയാനകമായ ഒരവസാനത്തിൽ നീ എത്തിയിരിയിരിക്കുന്നു; നീ എന്നേക്കുമായി നശിക്കും.
സീദോനെതിരെയുള്ള പ്രവചനം
20സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 21“മനുഷ്യപുത്രാ, സീദോനിലേക്കു മുഖം തിരിച്ച് അവൾക്കെതിരെ പ്രവചിക്കുക.
22സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സീദോനേ, ഞാൻ നിനക്കെതിരാണ്; എന്റെ മഹത്ത്വം നിന്റെ മധ്യത്തിൽ ഞാൻ പ്രകടമാക്കും. ഞാൻ നിന്നിൽ നിവസിക്കുന്നവരെ ശിക്ഷിക്കും; എന്റെ വിശുദ്ധി ഞാൻ നിന്നിൽ വെളിപ്പെടുത്തും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നീ അറിയും. 23ഞാൻ നിന്റെ നേരേ മഹാമാരി അയയ്‍ക്കും; നിന്റെ തെരുവുകളിൽ രക്തപ്പുഴയൊഴുക്കും. എല്ലാവശത്തുനിന്നും നീ ആക്രമിക്കപ്പെടും. വാളിനിരയാകുന്നവർ നിന്റെ മധ്യത്തിൽ വീഴും; അപ്പോൾ ഞാനാണു സർവേശ്വരനെന്ന് നീ അറിയും.
ഇസ്രായേൽ അനുഗ്രഹിക്കപ്പെടും
24ഇസ്രായേൽജനത്തെ നിന്ദിക്കുന്ന അയൽക്കാരിലാരും ഇനിമേൽ ഇസ്രായേലിന് ക്ഷതമേല്പിക്കുന്ന മുൾച്ചെടിയോ കുത്തിനോവിക്കുന്ന മുള്ളോ ആയിരിക്കുകയില്ല.
25അപ്പോൾ ഞാനാകുന്നു സർവേശ്വരനായ കർത്താവ് എന്നവർ ഗ്രഹിക്കും. ജനതകളുടെ ഇടയിൽ ചിതറിക്കപ്പെട്ട ഇസ്രായേൽജനത്തെ ഞാൻ കൂട്ടിവരുത്തുകയും എന്റെ വിശുദ്ധി ജനതകളുടെ മുമ്പിൽ ഞാൻ പ്രകടമാക്കുകയും ചെയ്യുമ്പോൾ എന്റെ ദാസനായ യാക്കോബിനു ഞാൻ നല്‌കിയ അവരുടെ സ്വന്തനാട്ടിൽ അവർ പാർക്കും എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 26അവർ അവിടെ സുരക്ഷിതരായിരിക്കും; അവർ വീടുകൾ പണിയും; മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കും. അവരോടു നിന്ദ്യമായി പെരുമാറിയ എല്ലാ അയൽക്കാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തുമ്പോൾ ഇസ്രായേൽജനം സുരക്ഷിതരായി അവിടെ വസിക്കും. അപ്പോൾ ഞാനാണു അവരുടെ സർവേശ്വരനായ കർത്താവ് എന്നവർ അറിയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 28: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക