യെഹെസ്കേൽ 1:4-9

യെഹെസ്കേൽ 1:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവയ്ക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു. അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുപോകും.

യെഹെസ്കേൽ 1:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. വലിയ ഒരു മേഘവും അതിനു ചുറ്റും പ്രഭപരത്തിക്കൊണ്ട് ഇടമുറിയാതെ ജ്വലിക്കുന്ന അഗ്നിയും അതിന്റെ മധ്യത്തിൽ മിന്നിത്തിളങ്ങുന്ന വെള്ളോടുപോലെ എന്തോ ഒന്നും ഞാൻ കണ്ടു. അതിന്റെ മധ്യത്തിൽ മനുഷ്യാകൃതിയിലുള്ള നാലു ജീവികൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ അവയ്‍ക്കോരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകളും ഉണ്ടായിരുന്നു. നിവർന്ന കാലുകളും കാളക്കുട്ടിയുടേതു പോലെയുള്ള കുളമ്പുകളും അവയ്‍ക്കുണ്ടായിരുന്നു. തേച്ചു മിനുക്കിയ വെള്ളോടുപോലെ ആ കുളമ്പുകൾ തിളങ്ങി. നാലു മുഖങ്ങൾക്കും നാലു ചിറകുകൾക്കും പുറമേ ഓരോ ചിറകിന്റെയും കീഴിൽ മനുഷ്യൻറേതുപോലെ ഓരോ കരവും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾ അന്യോന്യം സ്പർശിച്ചിരുന്നു. ഇടംവലം തിരിയാതെ ഓരോ ജീവിയും നേരെ മുമ്പോട്ടു തന്നെ നീങ്ങിക്കൊണ്ടിരുന്നു.

യെഹെസ്കേൽ 1:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും ഒരു വലിയ മേഘവും ആളിക്കത്തുന്ന തീയും വരുന്നത് കണ്ടു; അതിന്‍റെ ചുറ്റും ഒരു പ്രകാശവും അതിന്‍റെ നടുവിൽനിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. അതിന്‍റെ നടുവിൽ നാലു ജീവികളുടെ രൂപസാദൃശ്യം കണ്ടു; അവയുടെ രൂപത്തിന് മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. ഓരോന്നിന് നാലു മുഖവും നാലു ചിറകും വീതം ഉണ്ടായിരുന്നു. അവയുടെ കാൽ നിവർന്നതും, പാദങ്ങൾ കാളക്കിടാവിൻ്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. അവയ്ക്കു നാലു ഭാഗത്തും ചിറകിന്‍റെ കീഴിലായി മനുഷ്യന്‍റെ കൈകൾ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇപ്രകാരം ആയിരുന്നു. അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.

യെഹെസ്കേൽ 1:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു. അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.

യെഹെസ്കേൽ 1:4-9 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ നോക്കിയപ്പോൾ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നതു കണ്ടു—ജ്വലിക്കുന്ന മിന്നൽപ്പിണരുകളോടുകൂടിയതും ഉജ്ജ്വലപ്രകാശത്താൽ വലയംചെയ്തതുമായ ഒരു വലിയ മേഘംപോലെയായിരുന്നു ആ കൊടുങ്കാറ്റിന്റെ വരവ്. അതിന്റെ മധ്യഭാഗം വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അതിനുള്ളിൽ നാലു ജീവികൾക്കു തുല്യമായ രൂപങ്ങൾ ഉണ്ടായിരുന്നു. മനുഷ്യസാദൃശ്യമുള്ള ഒരു രൂപമായിരുന്നു അവയ്ക്ക്. അവ ഓരോന്നിനും നാലുമുഖവും നാലുചിറകും ഉണ്ടായിരുന്നു അവയുടെ കാലുകൾ ഋജുവും പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു. അവ മിനുക്കിയ വെങ്കലംപോലെ തിളങ്ങിയിരുന്നു. അവയുടെ നാലുചിറകുകൾക്കും കീഴിൽ മനുഷ്യന്റേതുപോലെയുള്ള കൈകൾ ഉണ്ടായിരുന്നു. നാലു ജീവികൾക്കും നാലുമുഖങ്ങളും നാലുചിറകുകളും ഉണ്ടായിരുന്നു. ഓരോന്നിന്റെ ചിറകുകളും മറ്റൊന്നിന്റെ ചിറകുകളോടു തൊട്ടിരുന്നു. അവ മുന്നോട്ടു പോകുമ്പോൾ വശങ്ങളിലേക്കൊന്നും തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു.