യെഹെസ്കേൽ 1
1
1മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു. 2യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തീയതി തന്നെ, 3കല്ദയദേശത്തു കെബാർനദീതീരത്തുവച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കൈയും അവന്റെമേൽ വന്നു. 4ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. 5അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവയ്ക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. 6ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. 7അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. 8അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു. 9അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുപോകും. 10അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു. 11ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു. 12അവ ഓരോന്നും നേരേ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ടിയ ഇടത്തേക്കു തന്നെ പോകും. 13ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾപോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെയിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു; തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു. 14ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. 15ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിനും നേരേ ഓരോ ചക്രം കണ്ടു. 16ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരു ഭാഷതന്നെ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. 17അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല. 18അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകൾക്ക് ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു. 19ജീവികൾ പോകുമ്പോൾ ചക്രങ്ങളും ചേർന്നുതന്നെ പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും. 20ആത്മാവിനു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങൾ അവയോടുകൂടെ പൊങ്ങും. 21ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും. 22ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായൊരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു. 23വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകൾ നേർക്കു നേരേ വിടർന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാൻ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു. 24അവ പോകുമ്പോൾ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്റെ ഇരച്ചിൽപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. 25അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്മേൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. 26അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്റെ അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വർണംപോലെ ഞാൻ കണ്ടു; 27അവന്റെ അരമുതൽ കീഴോട്ടു തീപോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. 28അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 1: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.