യെഹെസ്കേൽ 1
1
നാലു ജീവികളുടെ ദർശനം
1മുപ്പതാംവർഷം നാലാംമാസം അഞ്ചാംതീയതി ഞാൻ കേബാർനദീതീരത്ത് പ്രവാസികളുടെ മധ്യേ ഇരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു; ഞാൻ ദൈവികദർശനങ്ങൾ കണ്ടു.
2യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവർഷം നാലാംമാസം അഞ്ചാംതീയതി, 3ബാബേലിലെ#1:3 അഥവാ, കൽദയദേശം കേബാർ നദീതീരത്തുവെച്ച് ബൂസിയുടെ മകനായ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടുണ്ടായി. അവിടെവെച്ച് യഹോവയുടെ കൈ അദ്ദേഹത്തിന്റെമേൽ വന്നു.
4ഞാൻ നോക്കിയപ്പോൾ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നതു കണ്ടു—ജ്വലിക്കുന്ന മിന്നൽപ്പിണരുകളോടുകൂടിയതും ഉജ്ജ്വലപ്രകാശത്താൽ വലയംചെയ്തതുമായ ഒരു വലിയ മേഘംപോലെയായിരുന്നു ആ കൊടുങ്കാറ്റിന്റെ വരവ്. അതിന്റെ മധ്യഭാഗം വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. 5അതിനുള്ളിൽ നാലു ജീവികൾക്കു തുല്യമായ രൂപങ്ങൾ ഉണ്ടായിരുന്നു. മനുഷ്യസാദൃശ്യമുള്ള ഒരു രൂപമായിരുന്നു അവയ്ക്ക്. 6അവ ഓരോന്നിനും നാലുമുഖവും നാലുചിറകും ഉണ്ടായിരുന്നു 7അവയുടെ കാലുകൾ ഋജുവും പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു. അവ മിനുക്കിയ വെങ്കലംപോലെ തിളങ്ങിയിരുന്നു. 8അവയുടെ നാലുചിറകുകൾക്കും കീഴിൽ മനുഷ്യന്റേതുപോലെയുള്ള കൈകൾ ഉണ്ടായിരുന്നു. നാലു ജീവികൾക്കും നാലുമുഖങ്ങളും നാലുചിറകുകളും ഉണ്ടായിരുന്നു. 9ഓരോന്നിന്റെ ചിറകുകളും മറ്റൊന്നിന്റെ ചിറകുകളോടു തൊട്ടിരുന്നു. അവ മുന്നോട്ടു പോകുമ്പോൾ വശങ്ങളിലേക്കൊന്നും തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു.
10അവയുടെ മുഖത്തിന്റെ ആകൃതി ഇപ്രകാരമായിരുന്നു: നാലു ജീവികൾക്കും മുൻഭാഗത്തു മനുഷ്യമുഖമുണ്ടായിരുന്നു, വലതുഭാഗത്ത് സിംഹമുഖവും ഇടതുഭാഗത്ത് കാളയുടെ മുഖവും നാലിന്റെയും പിൻവശത്തു കഴുകന്റെ മുഖവും ഉണ്ടായിരുന്നു. 11ഇപ്രകാരമായിരുന്നു അവയുടെ മുഖങ്ങൾ. അവയുടെ ചിറകുകളിൽ രണ്ടെണ്ണം മേലോട്ടു വിരിച്ചിരുന്നു. ഓരോന്നിന്റെയും ഈരണ്ടു ചിറകുകൾ പരസ്പരം സ്പർശിച്ചും ഈരണ്ടു ചിറകുകൾ ശരീരത്തെ മറച്ചുമിരുന്നു, 12ഓരോന്നും നേരേ മുമ്പോട്ടുപോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ടയിടത്തേക്കു പൊയ്ക്കൊണ്ടിരുന്നു. 13ഈ നാലു ജീവികളുടെ മധ്യത്തിൽ കത്തുന്ന തീക്കനൽപോലെയോ അവയ്ക്കിടയിൽത്തന്നെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന പന്തംപോലെയോ ഉള്ള ഒരു കാഴ്ച ഉണ്ടായിരുന്നു. ആ തീ ഉജ്ജ്വലമായിരുന്നു, അതിൽനിന്നു മിന്നൽപ്പിണരുകൾ പുറപ്പെട്ടുകൊണ്ടിരുന്നു. 14ജീവികൾ മിന്നൽപ്പിണരുകൾപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ഓരോന്നിന്റെയും അടുത്ത് ഓരോ ചക്രം ഉണ്ടായിരുന്നു. 16ചക്രങ്ങളുടെ രൂപവും പണിയും തിളങ്ങുന്ന പുഷ്യരാഗംപോലെ ആയിരുന്നു, നാലിനും ഒരേ ആകൃതിയായിരുന്നു. അവയുടെ രൂപവും പണിയും ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. 17അവ പോകുമ്പോഴെല്ലാം ജീവികൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ ഏതെങ്കിലും ദിക്കിലേക്ക് അവയ്ക്കു പോകാം; തിരിയേണ്ട ആവശ്യമില്ല. 18നാലു ചക്രങ്ങളുടെയും ചുറ്റുവളയങ്ങൾ വളരെ ഉയരമുള്ളതും ഭയാനകവും ആയിരുന്നു. നാലിന്റെയും ചുറ്റുവളയങ്ങളുടെ ചുറ്റും കണ്ണുകൾ നിറഞ്ഞിരുന്നു.
19ജീവികൾ പോകുമ്പോഴെല്ലാം ചക്രങ്ങളും അവയോടൊപ്പം പൊയ്ക്കൊണ്ടിരുന്നു. ജീവികൾ ഭൂമിയിൽനിന്നു പറന്നുയരുമ്പോൾ ചക്രങ്ങളും ഉയർന്നിരുന്നു. 20ആത്മാവിന് ഏതു ദിക്കിലേക്കു പോകണമോ ആ ദിക്കിലേക്ക് അവ പൊയ്ക്കൊണ്ടിരുന്നു. ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നതുകൊണ്ട് ചക്രങ്ങളും അവയോടൊപ്പം ഉയർന്നിരുന്നു. 21അവ പോകുമ്പോൾ ചക്രങ്ങളും പോകും; അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. ജീവികൾ ഭൂമിയിൽനിന്നുയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും, കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നു.
22ജീവികളുടെ തലയ്ക്കുമീതേ പളുങ്കുപോലെ വെട്ടിത്തിളങ്ങുന്ന അത്ഭുതകരമായ ഒരു വിതാനം ഉണ്ടായിരുന്നു. 23വിതാനത്തിനുകീഴേ അവയുടെ ചിറകുകൾ നേർക്കുനേരേ വിരിച്ചിരുന്നു; ഓരോ ജീവിക്കും അവയുടെ ശരീരത്തിന്റെ ഇരുവശവും മറയ്ക്കുന്ന ഈരണ്ടു ചിറകുകളുണ്ടായിരുന്നു. 24അവ സഞ്ചരിക്കുമ്പോൾ അവയുടെ ചിറകിന്റെ ഒച്ച പെരുവെള്ളത്തിന്റെ ഒച്ചപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഞാൻ കേട്ടു. അവ നിശ്ചലമായി നിൽക്കുമ്പോൾ ചിറകുകൾ താഴ്ത്തുമായിരുന്നു.
25ജീവികൾ ചിറകുകൾ താഴ്ത്തിയിട്ടു നിൽക്കുമ്പോൾ അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനു മുകളിൽനിന്നും ഒരു ശബ്ദം പുറപ്പെട്ടു. 26അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനുമേൽ, കാഴ്ചയിൽ ഇന്ദ്രനീലക്കല്ലിനു തുല്യമായി ഒരു സിംഹാസനത്തിന്റെ രൂപവും അതിന്മേൽ മനുഷ്യസാദൃശ്യമുള്ള ഒരു രൂപവും ഉണ്ടായിരുന്നു. 27അവിടത്തെ അരക്കെട്ടുമുതൽ മേലോട്ടുള്ള ഭാഗം അഗ്നികൊണ്ടു നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അവിടത്തെ അരക്കെട്ടുമുതൽ താഴോട്ടുള്ള ഭാഗം അഗ്നിപോലെ ജ്വലിച്ചിരുന്നു; അവിടത്തേക്ക് ചുറ്റും ഉജ്ജ്വലപ്രകാശം ഉണ്ടായിരുന്നു. 28ചുറ്റുമുള്ള ശോഭ, മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലിന്റെ ശോഭപോലെയായിരുന്നു.
യഹോവയുടെ മഹത്ത്വത്തിന്റെ സാദൃശ്യം ഈ വിധത്തിലായിരുന്നു. അതു കണ്ടമാത്രയിൽ ഞാൻ കമിഴ്ന്നുവീണു; അപ്പോൾത്തന്നെ ഒരാൾ സംസാരിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെസ്കേൽ 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.