പുറപ്പാട് 8:20-32
പുറപ്പാട് 8:20-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. നീ എന്റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. അതിനു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്നു പറഞ്ഞു. അതിനു മോശെ: ഞാൻ നിന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവയ്ക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയയ്ക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർഥിച്ചു. യഹോവ മോശെയുടെ പ്രാർഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാട് 8:20-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോൾ വഴിയിൽ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കാൻ സർവേശ്വരൻ കല്പിക്കുന്നു. അതിനു വിസമ്മതിച്ചാൽ നിന്റെയും നിന്റെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയുംമേൽ ഈച്ചകളെ ഞാൻ പറ്റമായി അയയ്‍ക്കും. നിന്റെ ഭവനങ്ങളിലും ഈജിപ്തിലെ ജനങ്ങളുടെ പാർപ്പിടങ്ങളിലും ദേശത്തും അവ നിറയും. എന്നാൽ അന്നാളിൽ എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ ഈച്ചബാധയുണ്ടാകാതെ ഞാൻ വേർതിരിക്കും; അങ്ങനെ ഭൂമിയിൽ ഞാൻ സർവേശ്വരനെന്നു നീ അറിയും. നിന്റെയും എന്റെയും ജനത്തെ തമ്മിൽ ഞാൻ വേർതിരിക്കും. നാളെ ഈ അടയാളം സംഭവിക്കും. സർവേശ്വരൻ അങ്ങനെതന്നെ പ്രവർത്തിച്ചു. രാജകൊട്ടാരത്തിലും ഉദ്യോഗസ്ഥന്മാരുടെ ഭവനങ്ങളിലും ഈജിപ്തിൽ എല്ലായിടത്തും ഈച്ചകൾ പറ്റമായി വന്നു നിറഞ്ഞു. ഈച്ചബാധയാൽ ദേശം വലഞ്ഞു. അപ്പോൾ ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “നിങ്ങൾ ഈ രാജ്യത്തെവിടെയെങ്കിലും പോയി നിങ്ങളുടെ ദൈവത്തിനു യാഗമർപ്പിച്ചുകൊള്ളുവിൻ.” മോശ പ്രതിവചിച്ചു: “അതു ശരിയല്ല; ഈജിപ്തുകാർക്കു നിഷിദ്ധമായവയും ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അർപ്പിക്കേണ്ടിവരും; അങ്ങനെ അവർ മ്ലേച്ഛമെന്നു കരുതുന്നത് അവരുടെ കൺമുമ്പിൽ വച്ച് അർപ്പിക്കുമ്പോൾ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? സർവേശ്വരന്റെ കല്പനയനുസരിച്ച് മരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി ദൂരം പോയി, ഞങ്ങൾക്ക് ഞങ്ങളുടെ ദൈവമായ സർവേശ്വരന് യാഗം അർപ്പിക്കണം.” ഫറവോ പറഞ്ഞു: “മരുഭൂമിയിൽ പോയി നിങ്ങളുടെ ദൈവമായ സർവേശ്വരനു യാഗം കഴിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; എന്നാൽ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുകയും വേണം.” അപ്പോൾ മോശ പറഞ്ഞു: “അങ്ങയുടെ സന്നിധിയിൽനിന്നു ഞാൻ പോകുന്നു; അങ്ങേക്കുവേണ്ടി ഞാൻ അവിടുത്തോടു പ്രാർഥിക്കാം. ഈച്ചകൾ നാളെത്തന്നെ, അങ്ങയെയും ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും വിട്ടുപോകും. എന്നാൽ സർവേശ്വരനു വഴിപാടർപ്പിക്കാൻ ജനങ്ങളെ അയയ്‍ക്കാതെ അങ്ങ് ഇനിയും വഞ്ചന കാട്ടരുത്.” മോശ ഫറവോയുടെ അടുക്കൽനിന്നു പോയി, സർവേശ്വരനോടു പ്രാർഥിച്ചു. മോശ അപേക്ഷിച്ചതുപോലെ അവിടുന്നു പ്രവർത്തിച്ചു; രാജാവിന്റെയും ഭൃത്യന്മാരുടെയും ജനങ്ങളുടെയും ഇടയിൽനിന്ന് ഈച്ചകളെ നിശ്ശേഷം നീക്കിക്കളഞ്ഞു. എന്നാൽ ഫറവോയുടെ ഹൃദയം വീണ്ടും കഠിനപ്പെട്ടു; അയാൾ ജനത്തെ വിട്ടയച്ചില്ല.
പുറപ്പാട് 8:20-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്‍റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും. ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.” യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീമിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്നു പറഞ്ഞു. അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം” എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നു പറഞ്ഞു. അതിന് മോശെ: “ഞാൻ നിന്‍റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്‍റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി. എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാട് 8:20-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു. അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗംകഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗംകഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു. അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു. യഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി. എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
പുറപ്പാട് 8:20-32 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും. “ ‘എന്നാൽ എന്റെ ജനം പാർക്കുന്ന ഗോശെൻ പ്രദേശത്തെ അന്നു ഞാൻ ഒഴിവാക്കും. അവിടെ ഈച്ച ഉണ്ടായിരിക്കുകയില്ല; അങ്ങനെ യഹോവയായ ഞാൻതന്നെ ഈ ദേശത്തിന്റെ മധ്യേയുണ്ട് എന്നു നീ അറിയും. എന്റെ ജനത്തെയും നിന്റെ ജനത്തെയുംതമ്മിൽ ഞാൻ വേർതിരിക്കും. ഈ അത്ഭുതചിഹ്നം നാളെത്തന്നെ സംഭവിക്കും.’ ” യഹോവ അങ്ങനെതന്നെ ചെയ്തു. ഈച്ചകളുടെ കനത്ത കൂട്ടങ്ങൾ ഫറവോന്റെ കൊട്ടാരത്തിലേക്കും ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും പ്രവഹിച്ചു. ഈജിപ്റ്റുദേശം മുഴുവനും ഈച്ചകളെക്കൊണ്ടു നശിച്ചു. അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “പോകുക, നിങ്ങളുടെ ദൈവത്തിന് ഈ ദേശത്തുവെച്ചുതന്നെ യാഗം അർപ്പിക്കുക,” എന്നു പറഞ്ഞു. “അതു ശരിയല്ല,” മോശ പറഞ്ഞു. “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ഞങ്ങൾ അർപ്പിക്കുന്ന യാഗം ഈജിപ്റ്റുകാർക്ക് അറപ്പു തോന്നിക്കുന്നതായിരിക്കും. അവരുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ യാഗം ഞങ്ങൾ അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കൽപ്പിക്കുന്നതുപോലെ, മരുഭൂമിയിൽ മൂന്നുദിവസത്തെ യാത്രചെയ്തു ചെന്ന് അവിടത്തേക്കു ഞങ്ങൾ യാഗം അർപ്പിക്കേണ്ടതാകുന്നു.” “മരുഭൂമിയിൽവെച്ചു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, എന്നാൽ നിങ്ങൾ വളരെ അകലെപ്പോകരുത്; എനിക്കുവേണ്ടി പ്രാർഥിക്കുക,” ഫറവോൻ പറഞ്ഞു. അതിന് മോശ ഉത്തരം പറഞ്ഞു: “താങ്കളെ വിട്ടുപോയിക്കഴിഞ്ഞാലുടൻതന്നെ ഞാൻ യഹോവയോട് അപേക്ഷിക്കാം, ഈച്ചകൾ നാളെ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോകും. എന്നാൽ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ജനങ്ങളെ വിട്ടയയ്ക്കാതെ ഫറവോൻ വീണ്ടും വഞ്ചനാപരമായി പ്രവർത്തിക്കുകയില്ലെന്നത് ഉറപ്പായിരിക്കണം.” പിന്നെ മോശ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോടു പ്രാർഥിച്ചു. മോശയുടെ അപേക്ഷയനുസരിച്ച് യഹോവ പ്രവർത്തിച്ചു: ഈച്ചകൾ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോയി; ഒന്നുപോലും അവശേഷിച്ചില്ല. എന്നാൽ ഈ പ്രാവശ്യവും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചില്ല.