പുറ. 8:20-32
പുറ. 8:20-32 IRVMAL
പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്‍റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്‍റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. നീ എന്‍റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിൻമേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും. ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്‍റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. എന്‍റെ ജനത്തിനും നിന്‍റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.” യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീമിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു. അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്നു പറഞ്ഞു. അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം” എന്നു പറഞ്ഞു. അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നു പറഞ്ഞു. അതിന് മോശെ: “ഞാൻ നിന്‍റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്‍റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി. എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

