പുറ. 8
8
തവളകൾ
1യഹോവ നദിയെ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോട് കല്പിച്ചത്: “നീ ഫറവോന്‍റെ അടുക്കൽ ചെന്നു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 2നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്‍റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും. 3നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്‍റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്‍റെ ഭൃത്യന്മാരുടെ വീടുകളിലും നിന്‍റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും. 4തവള നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ സകലഭൃത്യന്മാരുടെ മേലും കയറും.”
5യഹോവ പിന്നെയും മോശെയോട്: “മിസ്രയീമിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്നു നീ അഹരോനോട് പറയേണം” എന്നു കല്പിച്ചു. 6അങ്ങനെ അഹരോൻ മിസ്രയീമിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി മിസ്രയീം ദേശം മൂടി. 7മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീമിൽ തവള കയറുമാറാക്കി.
8അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: “തവള എന്നെയും എന്‍റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്നു പറഞ്ഞു.
9മോശെ ഫറവോനോട്: “തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്‍റെ ഭൃത്യന്മാർക്കും നിന്‍റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്നു എനിക്ക് സമയം നിശ്ചയിച്ചാലും” എന്നു പറഞ്ഞു.
10“നാളെ” എന്നു അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന് നിന്‍റെ വാക്കുപോലെ ആകട്ടെ; 11തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്നു അവൻ പറഞ്ഞു.
12അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്‍റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു. 13മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. 14അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15എന്നാൽ ആശ്വാസം വന്നു എന്നു ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്‍റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
പേൻ പെരുകുന്നു
16അപ്പോൾ യഹോവ മോശെയോട്: “നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക” എന്നു അഹരോനോട് പറയുക. “അത് മിസ്രയീമിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്നു കല്പിച്ചു. 17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെമേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; മിസ്രയീമിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു. 18മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ നിറഞ്ഞു നിന്നു. 19അപ്പോൾ മന്ത്രവാദികൾ ഫറവോനോട്: “ഇത് ദൈവത്തിന്‍റെ വിരൽ ആകുന്നു” എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
നായീച്ച
20പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്‍റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്‍റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 21നീ എന്‍റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിൻമേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും. 22ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്‍റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23എന്‍റെ ജനത്തിനും നിന്‍റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.”
24യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീമിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്നു പറഞ്ഞു.
26അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ? 27ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം” എന്നു പറഞ്ഞു.
28അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നു പറഞ്ഞു.
29അതിന് മോശെ: “ഞാൻ നിന്‍റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്നു പറഞ്ഞു.
30അങ്ങനെ മോശെ ഫറവോന്‍റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു. 31യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി. 32എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fml.png&w=128&q=75)
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.