പുറപ്പാട് 39:1-31
പുറപ്പാട് 39:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോനു വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. അവർ അതിന് തമ്മിൽ ഇണച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അത് രണ്ടറ്റത്തും ഇണച്ചിരുന്നു. അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽനിന്നുതന്നെ, അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരുന്നു. മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെ പേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊൻതടങ്ങളിൽ പതിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമക്കല്ലുകൾ വച്ചു. അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി. അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരുന്നു. അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു. ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു. പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി. പൊന്നുകൊണ്ട് രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ട് അറ്റത്തും വച്ചു. പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി. രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തു വച്ചു. അവർ പൊന്നുകൊണ്ടു വേറേ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനു നേരേ അകത്തെ വിളുമ്പിൽ വച്ചു. അവർ വേറേ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിനു മേലായി വച്ചു. പതക്കം ഏഫോദിന്റെ നടുക്കെട്ടിനു മേലായി ഇരിക്കേണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കേണ്ടതിനും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീല നാടകൊണ്ടു കെട്ടി. അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി. അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിനു ചുറ്റും ഒരു നാടയും വച്ചു. അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി. തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു. ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ വച്ചു. അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ ഉണ്ടാക്കി. അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി. അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
പുറപ്പാട് 39:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അഹരോൻ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ നീല, ധൂമ്രം, കടുംചുവപ്പ് വർണങ്ങളിലുള്ള നൂലുകൾകൊണ്ട് അവർ ഉണ്ടാക്കി. നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും കസവും നേർമയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിർമ്മിച്ചു. അവർ സ്വർണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും നേർത്ത ലിനൻ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു. ഏഫോദിന്റെ ഇരുവശങ്ങളിലും മുകൾഭാഗത്ത് തോൾവാറുകൾ തയ്ച്ചുപിടിപ്പിച്ചു. ഏഫോദ് ഉണ്ടാക്കാൻ ഉപയോഗിച്ച കസവുനൂൽ, നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ നിർമ്മിച്ചു. ചെത്തിയെടുത്ത ഗോമേദകക്കല്ലുകൾ സ്വർണച്ചട്ടങ്ങളിൽ ഉറപ്പിച്ച് ഈ കല്ലുകളിൽ മുദ്രകൊത്തുന്നതുപോലെ ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾ കൊത്തി. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്റെ രണ്ട് തോൾവാറുകളിലുമായി ഇസ്രായേൽജനത്തിന്റെ ഓർമയ്‍ക്കായി തയ്ച്ചുചേർത്തു. ഏഫോദു നിർമ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളിലുള്ള നൂലുകളും കസവും നേർമയായി നെയ്ത ലിനനുംകൊണ്ട് ചിത്രപ്പണികളോടുകൂടിയ മാർച്ചട്ട നിർമ്മിച്ചു. അതു സമചതുരത്തിൽ രണ്ടു മടക്കായിട്ടാണ് ഉണ്ടാക്കിയത്. അതിന് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉണ്ടായിരുന്നു. അതിൽ നാലു നിര രത്നങ്ങൾ പതിച്ചു. ഒന്നാമത്തെ നിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും രണ്ടാമത്തെ നിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും നാലാമത്തെ നിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വർണച്ചട്ടങ്ങളിൽ പതിച്ചുവച്ചു. ഇസ്രായേൽപുത്രന്മാരുടെ പേരുകൾക്കനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോന്നിലുമായി മുദ്രണം ചെയ്തിരുന്നു. മാർച്ചട്ടയ്‍ക്കുവേണ്ടി തങ്കം കയറുപോലെ പിരിച്ചെടുത്തു ചങ്ങലകൾ ഉണ്ടാക്കി. സ്വർണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിർമ്മിച്ചു. വളയങ്ങൾ മാർച്ചട്ടയുടെ മുകൾഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു; സ്വർണച്ചങ്ങലകൾ മാർച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളിൽ കൊളുത്തി. ഈ ചങ്ങലകളുടെ മറ്റേ അറ്റങ്ങൾ സ്വർണത്തകിടുകളിൽ ഘടിപ്പിച്ച് ഏഫോദിലുള്ള തോൾവാറുകളിൽ മുൻഭാഗത്ത് ഉറപ്പിച്ചു. വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി, മാർച്ചട്ടയുടെ താഴത്തെ കോണുകളിൽ ഉൾഭാഗത്ത് ഏഫോദിനോടു ബന്ധിച്ചു. അവർ വേറെ രണ്ടു സ്വർണവളയങ്ങൾകൂടി ഉണ്ടാക്കി. അവ ഏഫോദിന്റെ തോൾവാറുകൾക്കു താഴെ വിദഗ്ദ്ധമായി നെയ്തെടുത്ത അരപ്പട്ടയുടെ മുകളിൽ ബന്ധിച്ചു. മാർച്ചട്ട ഏഫോദിന്റെ മുകളിൽ അയഞ്ഞു കിടക്കാതിരിക്കാൻ സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ മാർച്ചട്ടയുടെ വളയങ്ങൾ ഏഫോദിന്റെ വളയങ്ങളുമായി നീലനാടകൊണ്ട് അരപ്പട്ടയ്‍ക്കു മുകളിൽ ഉറപ്പിച്ചു. ഏഫോദിന്റെ പുറത്ത് അണിയുന്ന കുപ്പായം നീലനൂലുകൊണ്ടു നിർമ്മിച്ചു; അതിന്റെ നടുവിൽ തല കടത്താനുള്ള ദ്വാരമുണ്ടാക്കി; ആ ഭാഗം കീറിപ്പോകാതിരിക്കുന്നതിനു ദ്വാരത്തിനു ചുറ്റും ഒരു നാട ചേർത്തു ബലപ്പെടുത്തിയിരുന്നു; കുപ്പായത്തിന്റെ താഴെയുള്ള വിളുമ്പുകളിൽ നീലയും, ധൂമ്രവും, കടുംചുവപ്പു നൂലുകളും നേർത്ത ലിനനുംകൊണ്ട് മാതളനാരങ്ങാരൂപങ്ങൾ ഉണ്ടാക്കി; അവയും സ്വർണമണികളും ഒന്നിടവിട്ട് തയ്ച്ചുചേർത്തു. അഹരോനും പുത്രന്മാർക്കും ധരിക്കാൻ നിലയങ്കി ഉണ്ടാക്കി. നേർമയായി നെയ്തെടുത്ത ലിനൻകൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും നീലയും ധൂമ്രവും കടുംചുവപ്പും നൂലുകൾകൊണ്ട് ചിത്രത്തയ്യലോടുകൂടിയ അരക്കെട്ടും സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ നിർമ്മിച്ചു. വിശുദ്ധകിരീടത്തിന്റെ നെറ്റിപ്പട്ടം തങ്കത്തിൽ ഉണ്ടാക്കി. അതിൽ മുദ്രമോതിരത്തിലെന്നതുപോലെ സർവേശ്വരനു സമർപ്പിതം എന്നു കൊത്തിവയ്‍ക്കുകയും ചെയ്തു. സർവേശ്വരൻറ കല്പനപോലെ തലപ്പാവിന്റെ മുൻവശത്തു ബന്ധിക്കാൻ ഒരു നീലനാട നെറ്റിപ്പട്ടത്തിൽ പിടിപ്പിച്ചു.
പുറപ്പാട് 39:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ മോശെയോട് കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോന് വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവർ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി മുറിച്ചു. അവർ തോൾപ്പട്ട ഉണ്ടാക്കി ഏഫോദിന്‍റെ രണ്ടു അറ്റത്തും ബന്ധിപ്പിച്ചിരുന്നു. അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. ഏഫോദിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം നടുക്കെട്ട് ഉണ്ടാക്കുന്നത്. മുദ്ര കൊത്തുന്നതുപോലെ യിസ്രായേൽ മക്കളുടെ പേര് കൊത്തിയ ഗോമേദകക്കല്ലുകൾ അവർ പൊൻ തടങ്ങളിൽ പതിച്ചു. യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്‍റെ തോൾപ്പട്ടയുടെമേൽ ഓർമ്മക്കല്ലുകൾ വച്ചു. അവൻ ഏഫോദിന്‍റെ ചിത്രപ്പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് പതക്കവും ഉണ്ടാക്കി. പതക്കം സമചതുരത്തിൽ രണ്ടുമടക്കായി ഉണ്ടാക്കി; അത് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായിരുന്നു. അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം, മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരുന്നു. ഈ കല്ലുകൾ യിസ്രായേൽ മക്കളുടെ പേരുകളോടുകൂടി അവരുടെ ഗോത്രസംഖ്യയ്ക്കു ഒത്തവണ്ണം പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിൻ്റെ പേര് അവയിൽ മുദ്ര കൊത്തിയിരുന്നു. പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ടു ചങ്ങലകൾ നിർമ്മിച്ചു. പൊന്ന് കൊണ്ടു രണ്ടു വളയങ്ങളും കണ്ണികളും ഉണ്ടാക്കി; രണ്ടു വളയങ്ങളും പതക്കത്തിൻ്റെ രണ്ടു അറ്റത്തും വച്ചു. പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിൻ്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി. രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണികളിൽ കൊളുത്തി ഏഫോദിന്‍റെ തോൾപ്പട്ടയുടെ മുൻഭാഗത്തുവച്ചു. അവർ പൊന്നുകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി പതക്കത്തിൻ്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിനു നേരെ അകത്തെ വിളുമ്പിലും വച്ചു. അവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്ത് രണ്ടു തോൾപ്പട്ടയുടെ താഴെ അതിന്‍റെ ചേർപ്പിനരികെ ഏഫോദിന്‍റെ നടുക്കെട്ടിന് മുകളിലായി വച്ചു. പതക്കം ഏഫോദിന്‍റെ നടുക്കെട്ടിന് മുകളിലായി ഇരിക്കേണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കണ്ടതിനും ദൈവം മോശെയോട് കല്പിച്ചതുപോലെ അവർ അതിന്‍റെ വളയങ്ങളാൽ ഏഫോദിന്‍റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടി. അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി. അങ്കിയുടെ നടുവിൽ കവചത്തിൻ്റെ ദ്വാരംപോലെ ഒരു ദ്വാരവും അത് കീറാതിരിക്കണ്ടതിന് ചുറ്റും ഒരു നാടയും വച്ചു. അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവകൊണ്ട് മാതളപ്പഴങ്ങൾ ഉണ്ടാക്കി. തങ്കംകൊണ്ട് മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു. ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ വച്ചു. അഹരോനും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും പഞ്ഞിനൂൽകൊണ്ട് മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ട് കാൽച്ചട്ടയും പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോട് കല്പിച്ചതുപോലെ ഉണ്ടാക്കി. അവർ തങ്കംകൊണ്ട് വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്നു മുദ്ര കൊത്തി. യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അത് തലപ്പാവിൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോർത്തുകെട്ടി.
പുറപ്പാട് 39:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി. പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു. അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു. മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമ്മക്കല്ലുകൾ വെച്ചു. അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി. അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു. അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര. രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം, മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു. നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു. ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു. പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി. പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു. പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി. രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു. അവർ പൊന്നുകൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു. അവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു. പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി. അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി. അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു. അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി. തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു. ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു. അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി. അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി. അതു മുടിമേൽ കെട്ടേണ്ടതിന്നു അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
പുറപ്പാട് 39:1-31 സമകാലിക മലയാളവിവർത്തനം (MCV)
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി. ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി. നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു. ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി. അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു. ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു. അവർ ഏഫോദിന്റെ വൈദഗ്ദ്ധ്യമാർന്ന ചിത്രപ്പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു നിർണയപ്പതക്കം ഉണ്ടാക്കി. അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരുന്നു. അതിൽ നാലുനിര രത്നങ്ങൾ പതിച്ചു. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിച്ചിരുന്നു. ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരുന്നു. നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കി. തങ്കംകൊണ്ടു രണ്ടു കസവുതടവും രണ്ടു വളയവും ഉണ്ടാക്കി. രണ്ടു വളയവും നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിച്ചു. തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി. മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിച്ചു. അവർ തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിച്ചു. അവർ തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മേൽഭാഗത്തുവെച്ചു. നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ട് അവർ ചേർത്തുകെട്ടി. അവൻ ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി. അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം ഉണ്ടാക്കി, ദ്വാരത്തിന്റെ വശം കീറിപ്പോകാതിരിക്കേണ്ടതിനു ദ്വാരത്തിന്റെ ചുറ്റിലും നാടയുംവെച്ചു. അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ, എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ മാതളപ്പഴങ്ങൾക്കിടയിൽ ചേർത്തുവെച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും അതിനടുത്ത് ഒരു മാതളപ്പഴവും എന്നക്രമത്തിൽ ചേർത്തിരുന്നു. അഹരോനും അവന്റെ പുത്രന്മാർക്കും മൃദുലചണവസ്ത്രംകൊണ്ടു നെയ്ത്തുപണിയായ അങ്കിയും മൃദുലചണനൂൽകൊണ്ടു തലപ്പാവും മൃദുലചണനൂൽകൊണ്ടു ശിരോവസ്ത്രവും പിരിച്ച മൃദുലചണനൂൽകൊണ്ട് അടിവസ്ത്രവും പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി അരക്കെട്ടും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഉണ്ടാക്കി. അവർ തങ്കംകൊണ്ടു വിശുദ്ധകിരീടമെന്ന നെറ്റിപ്പട്ടം ഉണ്ടാക്കി. അതിൽ മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തിയുണ്ടാക്കി: “യഹോവയ്ക്കു വിശുദ്ധം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അതു തലപ്പാവിൽ കെട്ടേണ്ടതിന് അതിൽ നീലച്ചരടു കോർത്തുകെട്ടി.