പുറപ്പാട് 12:12-19
പുറപ്പാട് 12:12-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അന്നുരാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും; അവിടെയുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽസന്തതികളെ ഞാൻ സംഹരിക്കും. ഈജിപ്തിലെ എല്ലാ ദേവന്മാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തും; ഞാൻ സർവേശ്വരൻ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകൾക്ക് രക്തം അടയാളമായിരിക്കും; അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും; ഈജിപ്തുകാരെ ഞാൻ സംഹരിക്കുമ്പോൾ, ഒരു ബാധയും നിങ്ങളെ നശിപ്പിക്കുകയില്ല. ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കണം; സർവേശ്വരനുവേണ്ടിയുള്ള ഉത്സവമായി ഈ ദിനം ആചരിക്കണം. നിങ്ങളുടെ പിൻതലമുറകൾ എല്ലാക്കാലത്തും ഈ കല്പന പാലിക്കുകയും വേണം. “ഏഴു ദിവസത്തേക്കു നിങ്ങൾ പുളിപ്പു ചേർക്കാത്ത അപ്പം ഭക്ഷിക്കണം. ആദ്യദിവസം തന്നെ പുളിമാവ് വീട്ടിൽനിന്നു നീക്കിക്കളയണം. ആരെങ്കിലും ഈ ഏഴു ദിനങ്ങളിൽ എന്നെങ്കിലും പുളിമാവു ചേർത്ത അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം. ഒന്നാം ദിവസവും ഏഴാം ദിവസവും നിങ്ങൾ വിശുദ്ധ ആരാധനയ്‍ക്ക് ഒന്നിച്ചുകൂടണം. ആ ദിവസങ്ങളിൽ ഒരു ജോലിയും ചെയ്യരുത്. ഭക്ഷണം പാകംചെയ്യുക മാത്രം ആകാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവദിനം നിങ്ങൾ ആചരിക്കണം. ഈ ദിവസമാണല്ലോ ഞാൻ നിങ്ങളെ കൂട്ടംകൂട്ടമായി ഈജിപ്തിൽനിന്നു വിമോചിപ്പിച്ചത്. അതുകൊണ്ടു നിങ്ങളുടെ പിൻതലമുറകൾ ഈ ദിനം ആചരിക്കണമെന്നത് ഒരു ശാശ്വതനിയമമാകുന്നു. ഒന്നാം മാസം പതിന്നാലാം ദിവസം സന്ധ്യമുതൽ ഇരുപത്തിയൊന്നാം ദിവസം സന്ധ്യവരെ പുളിപ്പില്ലാത്ത അപ്പം മാത്രമേ നിങ്ങൾ ഭക്ഷിക്കാവൂ. ഏഴു ദിവസത്തേക്കു നിങ്ങളുടെ ഭവനങ്ങളിൽ ഒരിടത്തും പുളിമാവു കാണരുത്. ആരെങ്കിലും സ്വദേശിയോ വിദേശിയോ ആകട്ടെ, ഈ ദിവസങ്ങളിൽ പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അയാളെ ഇസ്രായേല്യരിൽനിന്നു ബഹിഷ്കരിക്കണം.
പുറപ്പാട് 12:12-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായിത്തീരുകയില്ല. ഈ ദിവസം നിങ്ങൾക്ക് ഓർമനാളായിരിക്കേണം; നിങ്ങൾ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അത് ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്ന് അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽതന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിന്നാലാം തീയതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുത്; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽനിന്നു ഛേദിച്ചുകളയേണം.
പുറപ്പാട് 12:12-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”ഈ രാത്രിയിൽ ഞാൻ മിസ്രയീമിൽ കൂടി കടന്ന് മിസ്രയീംദേശത്തുള്ള മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ മിസ്രയീമിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല. ”ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസം ആയിരിക്കേണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകേണം; അന്നു അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽ സഭയിൽനിന്ന് ഛേദിച്ചുകളയേണം.
പുറപ്പാട് 12:12-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല. ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം.
പുറപ്പാട് 12:12-19 സമകാലിക മലയാളവിവർത്തനം (MCV)
“ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു. നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല. “ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്. നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്. ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്. “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക. ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം.