പുറ. 12:12-19

പുറ. 12:12-19 IRVMAL

”ഈ രാത്രിയിൽ ഞാൻ മിസ്രയീമിൽ കൂടി കടന്ന് മിസ്രയീംദേശത്തുള്ള മനുഷ്യൻ്റെയും മൃഗത്തിൻ്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ വിട്ട് ഒഴിഞ്ഞ് പോകും; ഞാൻ മിസ്രയീമിനെ ബാധിക്കുന്ന ബാധ നിങ്ങൾക്ക് നാശകാരണമായി തീരുകയില്ല. ”ഈ ദിവസം നിങ്ങൾക്ക് ഓർമ്മദിവസം ആയിരിക്കേണം; നിങ്ങൾ അത് യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം. ഇത് നിങ്ങൾ തലമുറതലമുറയായി നിത്യനിയമമായി ആചരിക്കേണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവ് നിങ്ങളുടെ വീടുകളിൽനിന്ന് മാറ്റണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയേണം. ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്ക് വിശുദ്ധ ആരാധന ഉണ്ടാകേണം; അന്നു അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നെയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായി നിത്യനിയമമായി നിങ്ങൾ ആചരിക്കേണം. ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവ് കാണരുത്. ആരെങ്കിലും പുളിച്ചത് തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽ സഭയിൽനിന്ന് ഛേദിച്ചുകളയേണം.

പുറ. 12:12-19 - നുള്ള വീഡിയോ