സഭാപ്രസംഗി 5:1-7

സഭാപ്രസംഗി 5:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നത്. അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ. കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്റെ ജല്പനവും ജനിക്കുന്നു. ദൈവത്തിന് നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുത്; മൂഢന്മാരിൽ അവനു പ്രസാദമില്ല; നീ നേർന്നതു കഴിക്ക. നേർന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലത്. നിന്റെ വായ് നിന്റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുത്; ദൈവം നിന്റെ വാക്കു നിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്? സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.

സഭാപ്രസംഗി 5:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേവാലയത്തിൽ പോകുമ്പോൾ സൂക്ഷ്മതയോടെ വർത്തിക്കുക; അടുത്തുചെന്നു ശ്രദ്ധിച്ചു കേൾക്കുന്നതാണു വിഡ്ഢിയുടെ യാഗാർപ്പണത്തെക്കാൾ നല്ലത്. തങ്ങൾ ചെയ്യുന്നതു തിന്മയാണെന്നു മൂഢന്മാർ അറിയുന്നില്ലല്ലോ. അവിവേകമായി സംസാരിക്കരുത്; ദൈവസന്നിധിയിൽ ഒരു വാക്കും തിടുക്കത്തിൽ പറയരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നുവല്ലോ. അതുകൊണ്ടു നീ മിതഭാഷിയായിരിക്കുക. ആകുലതയേറുമ്പോൾ ദുസ്സ്വപ്നം കാണുന്നു; അതിവാക്ക് മൂഢജല്പനമാകും. ദൈവത്തിനുള്ള നേർച്ച നിറവേറ്റാൻ വൈകരുത്; മൂഢന്മാരിൽ ദൈവം പ്രസാദിക്കുന്നില്ല. നേർന്നത് അനുഷ്ഠിക്കുക. നേർന്നിട്ട് അർപ്പിക്കാതിരിക്കുന്നതിനെക്കാൾ ഭേദം നേരാതിരിക്കുകയാണ്. നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ; അബദ്ധം പറ്റിപ്പോയി എന്നു ദൂതനോടു പറയാൻ ഇടവരരുത്. നിന്റെ വാക്കുകൾകൊണ്ടു ദൈവം കോപിച്ച് നിന്റെ അധ്വാനഫലം നശിപ്പിക്കാൻ ഇടയാക്കണമോ? സ്വപ്നങ്ങൾ പെരുകുമ്പോൾ വ്യർഥവാക്കുകളും പെരുകുന്നു; അതിനാൽ നീ ദൈവത്തെ ഭയപ്പെടുക.

സഭാപ്രസംഗി 5:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്. അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിക്കുവാൻ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലയോ; ആകയാൽ നിന്‍റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ. കഷ്ടപ്പാടിന്‍റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു. ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു. ദൈവത്തിന് നേർച്ച നേർന്നാൽ ആ നേർച്ച അർപ്പിക്കുവാൻ താമസിക്കരുത്; മൂഢന്മാരിൽ അവന് പ്രസാദമില്ല; നീ നേർന്നത് അർപ്പിക്കുക. നേർന്നിട്ട് അർപ്പിക്കാതെ ഇരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്. നിന്‍റെ വായ് നിന്‍റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്‍റെ വാക്കുനിമിത്തം കോപിച്ച് നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്? സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.

സഭാപ്രസംഗി 5:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവാലയത്തിലേക്കു പോകുമ്പോൾ കാൽ സൂക്ഷിക്ക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു കേൾക്കുന്നതു നല്ലതു; പരിജ്ഞാനമില്ലായ്കയാലല്ലോ അവർ ദോഷം ചെയ്യുന്നതു. അതിവേഗത്തിൽ ഒന്നും പറയരുതു; ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ. കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു. ദൈവത്തിന്നു നേർച്ച നേർന്നാൽ കഴിപ്പാൻ താമസിക്കരുതു; മൂഢന്മാരിൽ അവന്നു പ്രസാദമില്ല; നീ നേർന്നതു കഴിക്ക. നേർന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നതു നല്ലതു. നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു? സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ടു; നീയോ ദൈവത്തെ ഭയപ്പെടുക.

സഭാപ്രസംഗി 5:1-7 സമകാലിക മലയാളവിവർത്തനം (MCV)

നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക. സംസാരിക്കുന്നതിൽ തിടുക്കമാകരുത്, ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന് ഹൃദയത്തിൽ തിരക്കുകൂട്ടരുത്. കാരണം ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നു, അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ. അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ് വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും. ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക. നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്. നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം? അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.