സഭാ. 5
5
ദൈവത്തോടുള്ള നിന്‍റെ നേർച്ചകൾ നിവർത്തിക്കുക
1ദൈവാലയത്തിലേക്ക് പോകുമ്പോൾ പാദം സൂക്ഷിക്കുക; മൂഢന്മാർ യാഗം അർപ്പിക്കുന്നതിനെക്കാൾ അടുത്തുചെന്നു ശ്രദ്ധിച്ച് കേൾക്കുന്നതാണ് നല്ലത്; പരിജ്ഞാനമില്ലാത്തതുകൊണ്ടാണ് അവർ ദോഷം ചെയ്യുന്നത്. 2അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിക്കുവാൻ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലയോ; ആകയാൽ നിന്‍റെ വാക്കുകൾ ചുരുക്കമായിരിക്കട്ടെ.
3കഷ്ടപ്പാടിന്‍റെ ആധിക്യംകൊണ്ട് സ്വപ്നം ഉണ്ടാകുന്നു. ഭോഷൻ വാക്കുകളുടെ പെരുപ്പംകൊണ്ട് വൃഥാ സംസാരിക്കുന്നു.
4ദൈവത്തിന് നേർച്ച നേർന്നാൽ ആ നേർച്ച അർപ്പിക്കുവാൻ താമസിക്കരുത്; മൂഢന്മാരിൽ അവന് പ്രസാദമില്ല; നീ നേർന്നത് അർപ്പിക്കുക. 5നേർന്നിട്ട് അർപ്പിക്കാതെ ഇരിക്കുന്നതിനെക്കാൾ നേരാതെയിരിക്കുന്നത് നല്ലത്. 6നിന്‍റെ വായ് നിന്‍റെ ദേഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയിൽ പറയുകയും അരുത്; ദൈവം നിന്‍റെ വാക്കുനിമിത്തം കോപിച്ച് നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?
7സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.
8ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. 9കൃഷിതൽപരനായ രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരി ആയിരിക്കുന്നു. രാജാവുപോലും ആ വിളവിൽനിന്ന് ഭക്ഷണം കഴിക്കുന്നു.
10ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ.
11വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്‍റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12അദ്ധാനിക്കുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്‍റെ ഉറക്കം സുഖകരമാകുന്നു; ധനവാന്‍റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.
13സൂര്യനുകീഴിൽ ഞാൻ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്കു അനർത്ഥത്തിനായി സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്ത് തന്നെ. 14ആ സമ്പത്ത് നിർഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകൻ ജനിച്ചാൽ അവന്‍റെ കയ്യിൽ ഒന്നും ഉണ്ടാകുകയില്ല. 15അവൻ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്‍റെ പ്രയത്നത്തിന്‍റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല. 16അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്‍റെ വൃഥാപ്രയത്നത്താൽ അവന് എന്ത് പ്രയോജനം? 17അവൻ ജീവകാലം എല്ലാം ഇരുട്ടിലും#5:17 ഇരുട്ടിലും ഇരുട്ടില്‍ ഭക്ഷിച്ചു വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18ഞാൻ ശുഭവും യോഗ്യവുമായി കണ്ടത്: ദൈവം ഒരുവന് കൊടുക്കുന്ന ആയുഷ്കാലമെല്ലാം അവൻ തിന്നുകുടിച്ച് സൂര്യനു കീഴിലുള്ള തന്‍റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതാകുന്നു അവന്‍റെ ഓഹരി. 19ദൈവം ധനവും ഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തന്‍റെ ഓഹരി ലഭിച്ച് തന്‍റെ പ്രയത്നത്തിൽ സന്തോഷിക്കുവാൻ അധികാരം കൊടുത്തിരിക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും അത് ദൈവത്തിന്‍റെ ദാനം തന്നെ. 20ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്‍റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.