സഭാപ്രസംഗി 5:1-7

സഭാപ്രസംഗി 5:1-7 MCV

നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക. സംസാരിക്കുന്നതിൽ തിടുക്കമാകരുത്, ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന് ഹൃദയത്തിൽ തിരക്കുകൂട്ടരുത്. കാരണം ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നു, അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ. അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ് വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും. ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക. നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്. നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം? അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.