സഭാപ്രസംഗി 1:13-18
സഭാപ്രസംഗി 1:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശത്തിൻകീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. വളവുള്ളതു നേരേ ആക്കുവാൻ വയ്യാ; കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
സഭാപ്രസംഗി 1:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തിൻകീഴിൽ നടക്കുന്നതെല്ലാം ബുദ്ധിപൂർവം ആരാഞ്ഞറിയാൻ ഞാൻ തീരുമാനിച്ചു. മനുഷ്യനു വ്യഗ്രതകൊള്ളാൻ ദൈവം നല്‌കിയിരിക്കുന്ന പ്രവൃത്തി എത്ര ക്ലേശഭൂയിഷ്ഠം! സൂര്യനു കീഴിൽ നടക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യർഥവുമാണ്. വളഞ്ഞതു നേരെയാക്കാൻ കഴിയുകയില്ല. ഇല്ലാത്തത് എണ്ണാനും സാധ്യമല്ല. യെരൂശലേം ഭരിച്ച എന്റെ മുൻഗാമികളെക്കാൾ മഹത്തായ ജ്ഞാനം ഞാൻ ആർജിച്ചിരിക്കുന്നു; എനിക്കു വലിയ അനുഭവജ്ഞാനവും അറിവും ഉണ്ട് എന്നു ഞാൻ വിചാരിച്ചു. ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാൻ ഞാൻ മനസ്സുവച്ചു. ഇതും പാഴ്‍വേലയാണെന്നു ഞാൻ കണ്ടു. ജ്ഞാനമേറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
സഭാപ്രസംഗി 1:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.” ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
സഭാപ്രസംഗി 1:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. വളവുള്ളതു നേരെ ആക്കുവാൻ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ. ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞതു: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
സഭാപ്രസംഗി 1:13-18 സമകാലിക മലയാളവിവർത്തനം (MCV)
ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്. വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല; ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല. ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു. ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു; പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.