സഭാ. 1
1
സകലതും അർത്ഥശൂന്യം
1യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്‍റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2“ഹാ മായ, മായ “എന്നു സഭാപ്രസംഗി പറയുന്നു;
“ഹാ മായ, മായ, സകലവും മായയത്രേ.“
3സൂര്യനുകീഴിൽ#1:3 സൂര്യനുകീഴിൽ ഭൂമിയില്‍ പ്രയത്നിക്കുന്ന
മനുഷ്യന്‍റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം?
4ഒരു തലമുറ പോകുന്നു;
മറ്റൊരു തലമുറ വരുന്നു;
5ഭൂമിയോ എന്നേക്കും നില്ക്കുന്നു;
സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു;
ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു.
6കാറ്റ് തെക്കോട്ടു ചെന്നു വടക്കോട്ടു തിരിയുന്നു.
അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു.
7സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു;
എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.
8സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു.
അവന് അത് വിവരിക്കുവാൻ കഴിയുകയില്ല;
കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല;
കേട്ടിട്ടു ചെവിക്ക് മതിവരുന്നില്ല.
9ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു;
സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല.
10‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ?
നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു.
11പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ;
ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച്
പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.
ജ്ഞാനം അർത്ഥശൂന്യം
12സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു. 13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ. 14സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. #1:14 കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. കാറ്റിനെ ഭക്ഷിക്കുന്നത് പോലെ ആകുന്നു
15വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല;
കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല.
16ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.” 17ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
18ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു;
അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സഭാ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.