സഭാപ്രസംഗി 1:13-18

സഭാപ്രസംഗി 1:13-18 MCV

ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്. വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല; ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല. ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു. ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു; പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.