ആവർത്തനപുസ്തകം 28:3-14
ആവർത്തനപുസ്തകം 28:3-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും. യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകല ജാതികളും കണ്ടു നിന്നെ ഭയപ്പെടും. നിനക്കു തരുമെന്ന് യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് യഹോവ നിന്റെ നന്മയ്ക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും. തക്കസമയത്തു നിന്റെ ദേശത്തിനു മഴ തരുവാനും നിന്റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല. ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ട് പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയർച്ചതന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ട് അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
ആവർത്തനപുസ്തകം 28:3-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും; അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും. നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും സർവേശ്വരൻ അനുഗ്രഹിക്കും; നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും. ശത്രുക്കൾ നിങ്ങളെ ആക്രമിക്കുമ്പോൾ സർവേശ്വരൻ അവരെ തോല്പിക്കും; അവൻ നിങ്ങൾക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാൽ ഏഴു വഴിയെ പിന്തിരിഞ്ഞോടും. അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വഴികളിൽ നടക്കുകയും അവിടുന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേർതിരിക്കപ്പെട്ട ജനമാക്കിത്തീർക്കും. നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. നിങ്ങൾക്കു നല്‌കുമെന്നു സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങൾക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‌കും; നിങ്ങളുടെ വിളവും വർധിപ്പിക്കും; സർവേശ്വരൻ ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികൾ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങൾ മറ്റു പല ജനതകൾക്കും വായ്പ കൊടുക്കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടിവരികയില്ല. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ജനതകളുടെ നേതൃത്വം നല്‌കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നിൽ ആയിരിക്കുകയില്ല. നിങ്ങൾക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല. ഞാൻ ഇന്നു നിങ്ങളോട് കല്പിക്കുന്നതിൽനിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.
ആവർത്തനപുസ്തകം 28:3-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും അനുഗ്രഹിക്കപ്പെടും മൃഗങ്ങളുടെ ഫലവും നിന്‍റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും. നിന്‍റെ പഴ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. അകത്ത് വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. “നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്‍റെനേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും. “യഹോവ നിന്റെ കളപ്പുരകളിലും നീ കൈവയ്ക്കുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും. “നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോട് സത്യം ചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്നു ഭൂമിയിലുള്ള സകലജനതകളും കണ്ടു നിന്നെ ഭയപ്പെടും. “നിനക്കു തരും എന്നു യഹോവ നിന്‍റെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത്, യഹോവ നിന്റെ നന്മയ്ക്കായി, ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിലത്തിലെ ഫലത്തിലും സമൃദ്ധി നല്കും. തക്കസമയത്ത് നിന്‍റെ ദേശത്തിന് മഴ തരുവാനും നിന്‍റെ സകല പ്രയത്നത്തെയും അനുഗ്രഹിക്കുവാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ് കൊടുക്കും; എന്നാൽ നീ വായ്പ് വാങ്ങുകയില്ല. ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നെ പ്രാപിക്കും; നിനക്കു താഴ്ച ഉണ്ടാകുകയില്ല. ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിക്കുവാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
ആവർത്തനപുസ്തകം 28:3-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും. യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും. നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധിനല്കും. തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
ആവർത്തനപുസ്തകം 28:3-14 സമകാലിക മലയാളവിവർത്തനം (MCV)
നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും—വളർത്തുമൃഗങ്ങളുടെ കിടാങ്ങളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും—അനുഗ്രഹിക്കപ്പെടും. നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും. നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും. യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന സകലത്തിലും അനുഗ്രഹം അയയ്ക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച് അവിടത്തെ വഴികളിൽ നടക്കുമെങ്കിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ നിന്നെ വിശുദ്ധജനമായി അവിടന്ന് സ്ഥിരപ്പെടുത്തും. അപ്പോൾ ഭൂമിയിലെ സകലജനതകളും നീ യഹോവയുടെ നാമത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് അവർ നിന്നെ ഭയപ്പെടും. യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും. യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നീ എപ്പോഴും മുൻനിരയിലായിരിക്കും; ഒരിക്കലും പിൻനിരയിലാകുകയില്ല. യഹോവ നിന്നെ വാലല്ല, തലയാക്കും. ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന ഏതെങ്കിലും കൽപ്പനയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി അന്യദേവന്മാരുടെ പിന്നാലെപോയി അവയെ സേവിക്കരുത്.