ആവർത്തനം 28:3-14

ആവർത്തനം 28:3-14 MCV

നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും—വളർത്തുമൃഗങ്ങളുടെ കിടാങ്ങളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും—അനുഗ്രഹിക്കപ്പെടും. നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും. നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും. യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന സകലത്തിലും അനുഗ്രഹം അയയ്ക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച് അവിടത്തെ വഴികളിൽ നടക്കുമെങ്കിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ നിന്നെ വിശുദ്ധജനമായി അവിടന്ന് സ്ഥിരപ്പെടുത്തും. അപ്പോൾ ഭൂമിയിലെ സകലജനതകളും നീ യഹോവയുടെ നാമത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് അവർ നിന്നെ ഭയപ്പെടും. യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും. യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല. ഇന്നു ഞാൻ നിനക്കു നൽകുന്ന നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നീ എപ്പോഴും മുൻനിരയിലായിരിക്കും; ഒരിക്കലും പിൻനിരയിലാകുകയില്ല. യഹോവ നിന്നെ വാലല്ല, തലയാക്കും. ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന ഏതെങ്കിലും കൽപ്പനയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി അന്യദേവന്മാരുടെ പിന്നാലെപോയി അവയെ സേവിക്കരുത്.