DEUTERONOMY 28:3-14

DEUTERONOMY 28:3-14 MALCLBSI

പട്ടണങ്ങളിലും വയലുകളിലും നിങ്ങൾ അനുഗൃഹീതരാകും; അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും. നിങ്ങളുടെ കുട്ടകളും മാവു കുഴയ്‍ക്കുന്ന തൊട്ടികളും സർവേശ്വരൻ അനുഗ്രഹിക്കും; നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും. ശത്രുക്കൾ നിങ്ങളെ ആക്രമിക്കുമ്പോൾ സർവേശ്വരൻ അവരെ തോല്പിക്കും; അവൻ നിങ്ങൾക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാൽ ഏഴു വഴിയെ പിന്തിരിഞ്ഞോടും. അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വഴികളിൽ നടക്കുകയും അവിടുന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേർതിരിക്കപ്പെട്ട ജനമാക്കിത്തീർക്കും. നിങ്ങൾ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവർ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. നിങ്ങൾക്കു നല്‌കുമെന്നു സർവേശ്വരൻ നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങൾക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‌കും; നിങ്ങളുടെ വിളവും വർധിപ്പിക്കും; സർവേശ്വരൻ ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികൾ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങൾ മറ്റു പല ജനതകൾക്കും വായ്പ കൊടുക്കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടിവരികയില്ല. ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന സർവേശ്വരന്റെ കല്പനകൾ ശ്രദ്ധാപൂർവം അനുസരിച്ചാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് ജനതകളുടെ നേതൃത്വം നല്‌കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നിൽ ആയിരിക്കുകയില്ല. നിങ്ങൾക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല. ഞാൻ ഇന്നു നിങ്ങളോട് കല്പിക്കുന്നതിൽനിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.

DEUTERONOMY 28 വായിക്കുക