കൊലൊസ്സ്യർ 1:1-10
കൊലൊസ്സ്യർ 1:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കയിൽ, എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവലോകത്തിലും ഫലം കായിച്ചും വർധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു. നിങ്ങൾ പൂർണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
കൊലൊസ്സ്യർ 1:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേർന്ന് കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയിൽ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോൾ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങൾ കേട്ടു. നിങ്ങൾ പ്രത്യാശിക്കുന്നത് നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവകൃപയെക്കുറിച്ച് നിങ്ങൾ ആദ്യമായി കേൾക്കുകയും അത് യഥാർഥത്തിൽ മനസ്സിലാക്കുകയും ചെയ്ത നാൾമുതൽ നിങ്ങളുടെയിടയിൽ സുവിശേഷം എങ്ങനെ വർത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങൾ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനായ എപ്പഫ്രാസിൽനിന്ന് ഇതു നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനായ അയാൾ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. ദൈവത്തിന്റെ ആത്മാവു നിങ്ങൾക്കു നല്‌കിയ സ്നേഹത്തെക്കുറിച്ച് അയാൾ ഞങ്ങളോടു പറഞ്ഞു. ഇക്കാരണത്താൽ, നിങ്ങളെപ്പറ്റി കേട്ടപ്പോൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങൾ പ്രാർഥിക്കുന്നത്. അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തിൽ എപ്പോഴും പ്രവർത്തിക്കുവാനും നിങ്ങൾക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സൽപ്രവൃത്തികൾകൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ വളരുകയും ചെയ്യും.
കൊലൊസ്സ്യർ 1:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും, കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സുവിശേഷത്തിന്‍റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു. അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ, നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കൊലൊസ്സ്യർ 1:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
കൊലൊസ്സ്യർ 1:1-10 സമകാലിക മലയാളവിവർത്തനം (MCV)
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും, കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്. അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും