കൊലൊ. 1:1-10

കൊലൊ. 1:1-10 IRVMAL

ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും, കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സുവിശേഷത്തിന്‍റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു. അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ, നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.