KOLOSA 1

1
1ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേർന്ന് 2കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങൾക്ക് എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
സ്തോത്രപ്രാർഥന
3നിങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. 4എന്തുകൊണ്ടെന്നാൽ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 5നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയിൽ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോൾ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങൾ കേട്ടു. നിങ്ങൾ പ്രത്യാശിക്കുന്നത് നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. 6ദൈവകൃപയെക്കുറിച്ച് നിങ്ങൾ ആദ്യമായി കേൾക്കുകയും അത് യഥാർഥത്തിൽ മനസ്സിലാക്കുകയും ചെയ്ത നാൾമുതൽ നിങ്ങളുടെയിടയിൽ സുവിശേഷം എങ്ങനെ വർത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങൾ നല്‌കിക്കൊണ്ടു പ്രചരിക്കുന്നു. 7ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനായ എപ്പഫ്രാസിൽനിന്ന് ഇതു നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനായ അയാൾ #1:7 ‘ഞങ്ങൾക്കുവേണ്ടി’ - ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങൾക്കുവേണ്ടി’ എന്നാണ്. ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. 8ദൈവത്തിന്റെ ആത്മാവു നിങ്ങൾക്കു നല്‌കിയ സ്നേഹത്തെക്കുറിച്ച് അയാൾ ഞങ്ങളോടു പറഞ്ഞു.
9ഇക്കാരണത്താൽ, നിങ്ങളെപ്പറ്റി കേട്ടപ്പോൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്‌കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്‍ക്കണമെന്നത്രേ ഞങ്ങൾ പ്രാർഥിക്കുന്നത്. 10അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തിൽ എപ്പോഴും പ്രവർത്തിക്കുവാനും നിങ്ങൾക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സൽപ്രവൃത്തികൾകൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ വളരുകയും ചെയ്യും. 11ദൈവത്തിന്റെ മഹത്തായ പ്രഭാവത്തിൽ നിന്നു പുറപ്പെടുന്ന ശക്തിധാരയാൽ നിങ്ങൾ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങൾ പ്രാപ്തരായിത്തീരും. 12തന്റെ ജനത്തിനു പ്രകാശത്തിന്റെ രാജ്യത്തിൽ കരുതിവച്ചിട്ടുള്ളതിന്റെ ഓഹരി പ്രാപിക്കുവാൻ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂർവം സ്തോത്രം ചെയ്യുക. 13അവിടുന്ന് അന്ധകാരത്തിന്റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. 14ആ പുത്രൻ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്.
ക്രിസ്തുവിന്റെ വ്യക്തിവിശേഷം
15അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികൾക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. 16ദൈവം തന്റെ പുത്രൻ മുഖേനയാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്‍ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുൾപ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്‍ടിക്കപ്പെട്ടത് പുത്രനിൽക്കൂടിയും പുത്രനുവേണ്ടിയും ആണ്. 17എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു. 18അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ്; ശരീരത്തിന്റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. 19-20പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു.
21മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികൾ മൂലവും നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു. 22എന്നാൽ ഇപ്പോൾ തന്റെ പുത്രന്റെ ശാരീരിക മരണത്താൽ ദൈവം നിങ്ങളെ തന്റെ മിത്രങ്ങളാക്കിത്തീർത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമർപ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്. 23സുവിശേഷം കേട്ട് ആർജിച്ച പ്രത്യാശയിൽനിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തിൽ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങൾ മുന്നോട്ടു പോകണം. ലോകത്തിലുള്ള സർവസൃഷ്‍ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാൻ ദാസനായിത്തീർന്നു.
പൗലൊസ് സഭയുടെ ദാസൻ
24നിങ്ങൾക്കുവേണ്ടി സഹിച്ച കഷ്ടതയിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാൽ സഭയാകുന്ന തന്റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളിൽ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാൻ ചെയ്യുന്നത്. 25നിങ്ങളുടെ നന്മയ്‍ക്കുവേണ്ടി ഈ ചുമതല ദൈവം എന്നെ ഏല്പിച്ചതുകൊണ്ട് ഞാൻ സഭയുടെ ദാസനായിത്തീർന്നിരിക്കുന്നു. ദൈവത്തിന്റെ സന്ദേശം പൂർണമായി അറിയിക്കുക എന്നതാണ് എന്റെ കർത്തവ്യം. 26പൂർവയുഗങ്ങളിൽ സർവമനുഷ്യരാശിക്കും ആ മർമ്മം മറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ദൈവജനത്തിന് അതു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. 27സർവജനങ്ങൾക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്റെ തേജസ്സിൽ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്റെ സാരം. 28അതുകൊണ്ട് എല്ലാവരോടും ക്രിസ്തുവിനെപ്പറ്റി ഞങ്ങൾ പ്രസംഗിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് പക്വത പ്രാപിച്ചവരായി എല്ലാവരെയും ദൈവമുമ്പാകെ കൊണ്ടുവരുന്നതിനുവേണ്ടി, സകല ജ്ഞാനത്തോടുംകൂടി അവർക്കു ബുദ്ധി ഉപദേശിക്കുകയും അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
29അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്‌കിക്കൊണ്ടിരിക്കുന്നതും എന്നിൽ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താൽ ഞാൻ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

KOLOSA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക